കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള ബയോ മൈനിംഗ് ഇന്ന് ആരംഭിക്കും. ദിവസം ഓരോ ലോഡ് വീതം സംസ്കരണത്തിനായി ഇന്ന് തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിയിലേക്ക് കൊണ്ടുപോകും.

കെട്ടിക്കിടക്കുന്ന മാലിന്യം ഇളക്കി വ്യത്യസ്ത അളവിൽ കണ്ണികളുള്ള മൂന്ന് അരിപ്പകളിലൂടെ കടത്തിവിട്ട് അരിച്ച ശേഷം അജൈവ മാലിന്യങ്ങളാണ് സംസ്കരണത്തിനായി കൊണ്ടുപോകുന്നത്. അരിക്കുന്നതിന് മുന്നോടിയായി മാലിന്യം ഇളക്കുമ്പോൾ വിഷവാതകങ്ങൾ ഉയരാനും ആളിക്കത്താനും സാദ്ധ്യതയുണ്ട്. ഇതൊഴിവാക്കാൻ പ്രത്യേക ഇനോക്കുലം കലർത്തിയ വെള്ളം വൻതോതിൽ തെളിക്കും. മാലിന്യം കലർന്ന ജലം പിന്നീട് അഷ്ടമുടിക്കായലിലേക്ക് ഒഴുകാതിരിക്കാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

കുരീപ്പുഴയിൽ നിന്നു വാഹനത്തിൽ കൊണ്ടുപോകുന്ന മാലിന്യം തമിഴ്നാട്ടിലെ ഫാക്ടറിയിൽ എത്തിക്കാതെ വഴിവക്കിൽ തള്ളുന്നുണ്ടോയെന്ന് കോർപ്പറേഷൻ ജി.പി.എസ് ഉപയോഗിച്ച് നിരീക്ഷിക്കും. സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ മാലിന്യം കുന്നുകൂടി കിടക്കുന്ന പ്രദേശം താത്കാലികമായി കെട്ടിയടച്ചിട്ടുണ്ട്.

 വിലപേശി തുക കുറച്ചു

തമിഴ്നാട് ഈ റോഡ് ആസ്ഥാനമായുള്ള സിഗ്മ ഇന്റർനാഷണൽ എന്ന സ്വകാര്യ കമ്പനി 11.85 കോടിക്കാണ് ബയോ മൈനിംഗിന്റെ കരാറെടുത്തിരിക്കുന്നത്. ഒരു ഘനമീറ്റർ മാലിന്യം സംസ്കരിക്കാൻ 1247 രൂപയുടെ ടെണ്ടറാണ് സമർപ്പിച്ചത്. ഈ കമ്പനിയുമായി കോർപ്പറേഷൻ അധികൃതർ നടത്തിയ വിലപേശലിൽ 1130 രൂപയ്ക്ക് നീക്കം ചെയ്യാമെന്ന് ധാരണയിലെത്തുകയായിരുന്നു.

..........................

 കെട്ടിക്കിടക്കുന്നത് 1,04, 906. 88 ഘനമീറ്റർ മാലിന്യം

 ഒരു ഘന മീറ്റർ മാലിന്യം സംസ്കരിക്കാൻ: 1130 രൂപ

 ആകെ ചെലവാകുന്ന തുക: 11.85 കോടി

 മാലിന്യം കെട്ടിക്കിടക്കുന്നത്: 5.47 ഏക്കറിൽ