
കൊല്ലം: കൊട്ടാരക്കര ഗവ. ആയുർവേദ ആശുപത്രിയുടെ ദുരിതാവസ്ഥയ്ക്ക് വരുന്ന സംസ്ഥാന ബഡ്ജറ്റോടെ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷ. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ മണ്ഡലത്തിലെ ആതുരാലയം എന്ന നിലയിൽ ഇവിടേക്ക് കൂടുതൽ സൗകര്യങ്ങളെത്തുമെന്നാണ് കരുതുന്നത്.
1.47 ഏക്കർ ഭൂമിയുള്ള ആശുപത്രിക്ക് ശാസ്ത്രീയമായ കെട്ടിട സൗകര്യങ്ങൾ കൂടി വന്നെങ്കിലേ ദുരിതങ്ങൾക്ക് മാറ്റമുണ്ടാവുകയുള്ളൂ. മന്ത്രി നേരത്തെ ഇവിടം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ആശുപത്രിയുടെ മുൻഭാഗത്തെ പഴയ കെട്ടിടം പൊളിച്ച് നീക്കേണ്ടിവരും.
കാലപ്പഴക്കമുള്ള ഈ കെട്ടിടം നിലകൊള്ളുന്നത് മൂലം രണ്ടുവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടം കാണാൻപോലും പറ്റാത്ത സ്ഥിതിയാണ്. 30 കിടക്കകളുള്ള ആശുപത്രിയാക്കി ഉയർത്തുമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു. ലാബും എക്സ് റേ യൂണിറ്റുമടക്കമുള്ള സംവിധാനങ്ങളും എത്തിയേക്കും.
'ഗവ. ആയുർവേദ ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ' എന്ന തലക്കെട്ടിൽ ആശുപത്രിയുടെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി 21ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കിടത്തി ചികിത്സാ സംവിധാനമുണ്ടായിട്ടും രാത്രികാലങ്ങളിൽ ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ചീഫ് മെഡിക്കൽ ഓഫീസറടക്കം എട്ട് ജീവനക്കാരെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്.
രണ്ട് ഡോക്ടർമാരെ താത്കാലികമായി നിയമിച്ചിട്ടുമുണ്ട്. രാത്രികാലങ്ങളിൽ ഒരു നഴ്സിംഗ് അസിസ്റ്റന്റിന്റെ സേവനമാണ് ആശുപത്രിയിൽ ലഭിക്കുന്നത്. ജീവനക്കാരുടെ കാര്യത്തിലും രാത്രികാല സേവനത്തിന്റെ കാര്യത്തിലും കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകേണ്ടതാണ്.
നഗരസഭ നൽകുന്നത് ആകെ 6 ലക്ഷം
1. ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് വർഷം ആറുലക്ഷം രൂപ മാത്രമാണ് കൊട്ടാരക്കര നഗരസഭ നൽകുന്നത്
2. ഒ.പിയിൽ ദിവസവും നൂറ്റമ്പതിൽപ്പരം രോഗികളാണ് എത്തുന്നത്
3. ഇവർക്ക് മരുന്നും കഷായവും മറ്റും നൽകുന്നതിന് തുക തികയില്ല
4. കിടത്തി ചികിത്സയിലുള്ള രോഗികൾ പണം കൈയിൽ നിന്ന് ചെലവാക്കേണ്ട അവസ്ഥ
5. ആശുപത്രിയിൽ നിന്ന് നൽകുന്നത് ലേഹ്യം, അരിഷ്ടം, 60 മില്ലി തൈലം എന്നിവ
6. പഞ്ചകർമ്മ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ സൗജന്യമായി നൽകുന്നില്ല
7. നാളികേരം, വെളുത്തുള്ളി, മഞ്ഞൾ, എണ്ണ എന്നിവയടക്കം പുറമെ നിന്ന് കൊണ്ടുവരണം
"
പഞ്ചകർമ്മ ചികിത്സയ്ക്കുള്ള സാധനങ്ങൾ പുറമെ നിന്ന് കൊണ്ടുവരണം. മറ്റ് ചികിത്സകൾ ബി.പി.എല്ലുകാർക്ക് സൗജന്യമാണ്. ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നതിന് ഫീസ് വാങ്ങാറില്ല.
ഡോ. വൈ.എം. ഷീജ,
ചീഫ് മെഡിക്കൽ ഓഫീസർ