t
കൊല്ലം ശക്തികുളങ്ങരയിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസും, ബസിടിച്ച ഇൻസുലേറ്റഡ് വാൻ പിന്നിലേക്കു നീങ്ങി തട്ടിയതിനെത്തുടർന്ന് തകർന്ന സ്കൂട്ടറും

കൊല്ലം: ദേശീയപാതയിൽ ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇൻസുലേ​റ്റഡ് വാനിൽ ഇടിച്ച് വാൻ ഡ്രൈവർ മരിച്ചു. എറണാകുളം മുപ്പത്തടം ഹരിജൻ കോളനി വെട്ടുകാട്ടിൽ വീട്ടിൽ പുഷ്പനാണ് (50) മരിച്ചത്. സഹായി പത്തനാപുരം ആവണീശ്വരം സ്വദേശി അജികുമാറും (49) ബസിലെ വിദ്യാർത്ഥികളും ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്കു നീങ്ങിയ വാൻ തട്ടി സ്കൂട്ടർ യാത്രികനും പരിക്കേറ്റു.

ബസിന്റെ വേഗമാണ് അപകടത്തിന് വഴിവച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ 9ഓടെ മരിയാലയം

പെട്രോൾ പമ്പിന് എതി​ർവശത്തായിരുന്നു അപകടം. ചവറയിൽ നിന്ന് ഇളമ്പള്ളൂരിലേക്ക് പോകുകയായിരുന്ന 'ജീവൻസ്' എന്ന സ്വകാര്യബസും തിരുവനന്തപുരത്ത് നിന്നു ആലപ്പുഴയിലേക്ക് പോയ ഇൻസുലേ​റ്റഡ് വാനുമാണ് അപകടത്തിൽപ്പെട്ടത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന വാനിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡിന് എതിർവശത്തുള്ള ഇടവഴിക്ക് സമീപമാണ് നിന്നത്. വാനിലെ സഹായി അജികുമാറിനെയും മൂക്കിന് പരിക്കേറ്റ ചവറ സ്വദേശി ദേവികയെയും (27) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

അമിതവേഗത്തിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനും നരഹത്യയ്ക്കും സ്വകാര്യ ബസ് ഡ്രൈവർ മങ്ങാട് സ്നേഹ നഗർ - 60 മുതിരയ്യത്ത് വീട്ടിൽ അരുണിനെതിരെ (29) ശക്തികുളങ്ങര പൊലീസ് കേസെടുത്തു. ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾക്കായി ഗതാഗതവകുപ്പിന് ശുപാർശ നൽകുമെന്ന് പൊലീസ് അറിയിച്ചു.

# അപകടത്തിൽ പരിക്കേറ്റവർ

എറണാകുളം സ്വദേശി അജികുമാർ (49), ചവറ സ്വദേശികളായ ദേവിക (27), അനുപമ (21), മീനു (17), ക്രിസ്ത്യൻബർണാഡ് (19), താഹ (58), ഉണ്ണി (20), കാർത്തിക് (19), രേഷ്മരാജു (19), രമ്യ (33), അമ്പിളിഅമ്മ (60), നയന (18), മൈനാഗപ്പള്ളി സ്വദേശികളായ ആദിത്യ (18), ഓലയിൽ സ്വദേശി മണികണ്ഠൻ (42), നീണ്ടകര സ്വദേശികളായ സന്ധ്യ (35), ആഷ്‌ന (15), അലീന (17), ഇടപ്പള്ളികോട്ട സ്വദേശി വിപിൻ വിനോദ് (20), ചിന്നക്കട സ്വദേശിനി ലിസി (40).

 യാത്രക്കാർ വിലക്കിയിട്ടും മരണപ്പാച്ചിൽ

കൊല്ലം: ചവറയിൽ നിന്ന് പുറപ്പെട്ടപ്പോൾ മുതൽ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. സാധാരണ ദിവസങ്ങളിൽ അഞ്ചുമിനിട്ട് മാത്രം സ്റ്റാൻഡിൽ കിടക്കുന്ന ബസ്, ഇന്നലെ പിന്നാലെയുള്ള ബസ് എത്തിയ ശേഷമാണ് പുറപ്പെടാൻ തുടങ്ങിയത്.

തുടർന്ന് ഓരോ സ്റ്റോപ്പിലും നിറുത്തുമ്പോൾ വല്ലാത്ത ധൃതിയായിരുന്നു ഡ്രൈവർക്കും ക്ളീനർക്കും. ഇതിനിടെ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരോട് ഇടയ്ക്കിടെ കയർക്കുന്നുമുണ്ടായിരുന്നു. പരിമണം കഴിഞ്ഞതു മുതൽ ചെറുസ്റ്റോപ്പുകളിൽ നിറുത്താതെയുമായി. നീണ്ടകര കുരിശ്ശടിക്ക് സമീപം ഒരു കാറിനെ ഇടിക്കുന്ന ഘട്ടമുണ്ടായെങ്കിലും അപകടമുണ്ടായില്ല. അപ്പോഴേക്കും ക്ഷമ നശിച്ച യാത്രക്കാർ ഡ്രൈവറോട് കയർക്കുകയും വേഗം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഓവർടെക്കിംഗ് നിരോധിച്ചിട്ടുള്ള നീണ്ടകര പാലത്തിൽ നിരവധി വാഹനങ്ങളെ അമിതവേഗത്തിൽ മറികടന്നു. പാലം കടന്ന് അരകിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. അമിതവേഗതയും ധൃതിയുമായിരുന്നു അപകട കാരണമെന്ന് ബസിലെ യാത്രക്കാർ പറയുന്നു.

ഒരു കാറിനെ അമിതവേഗത്തിൽ മറികടക്കുന്നതിനിടെയാണ് എതിർദിശയിൽ വന്ന ഇൻസുലേറ്റഡ് വാനിൽ ഇടിച്ചത്. രാവിലെ 9നുള്ള അപകടമായതിനാൽ ബസിൽ കൂടുതലും വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരുമായിരുന്നു. പരിക്കേറ്റ 19 പേരിൽ 10 പേരും നഗരത്തിലെ കോളേജ് വിദ്യാർത്ഥികളാണ്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ മുന്നിലേക്കു തെറിച്ചുവീണ യാത്രക്കാരിൽ പലരുടെയും പരിക്ക് ഗുരുതരമാണ്. പല്ലിന് പൊട്ടൽ, മൂക്കിന് പരിക്ക്, കാൽ മുട്ട്, കൈകാലുകൾക്ക് പൊട്ടൽ എന്നിവ സംഭവിച്ചവരിലേറെയും മുൻവശത്ത് യാത്രചെയ്തിരുന്ന വിദ്യാർത്ഥിനികളായിരുന്നു.