ochira
ഓച്ചിറ കൊറ്റമ്പള്ളിയിൽ കെട്ടിടാവശിഷ്ടങ്ങളും ഗ്രാവലും ഉപയോഗിച്ച് നിലം നികത്തിയ നിലയിൽ

ഓച്ചിറ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റുന്ന കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിച്ച് നിലം നികത്തുന്നത് ഓച്ചിറയിലും സമീപപ്രദേശങ്ങളിലും വ്യാപകമാകുന്നു. ഓച്ചിറ, ക്ലാപ്പന, തഴവ പ്രദേശങ്ങളിലെ നിലവും കുളങ്ങളുമാണ് ഇത്തരത്തിൽ നികത്തുന്നത്.

നിലവിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലാണ് സ്ഥലം ഏറ്റെടുക്കലിന്റെ നഷ്ടപരിഹാര വിതരണം ആരംഭിച്ചത്. ഏറ്റെടുത്ത സ്ഥലത്ത് കെട്ടിടങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാന്യമായ നഷ്ടപരിഹാര തുകയാണ് അനുവദിച്ചിരിക്കുന്നത്. കെട്ടിട അടിസ്ഥാനവിലയുടെ ആറ് ശതമാനം പിടിച്ച് ബാക്കിയുള്ള തുകയാണ് ആദ്യഗഡുവായി നൽകിവരുന്നത്.

കെട്ടിടം പൊളിക്കുന്ന ചെലവിനായി ഈതുക സർക്കാർ ഉപയോഗിക്കും. വേണമെങ്കിൽ കെട്ടിട ഉടമകൾക്ക് സ്വന്തം നിലയിലും കെട്ടിടം പൊളിച്ചെടുക്കാം. ഈ അവസരം മുതലാക്കിയാണ് മിക്ക ഉടമകളും കെട്ടിടം പൊളിച്ചെടുക്കുന്നവർക്ക് മറിച്ച് നൽകുന്നത്. ഇരുമ്പ് ഷട്ടറുകളും കമ്പികളും കൂടുതലുള്ള കെട്ടിടങ്ങൾക്ക് മോഹവിലയാണ് കോൺട്രാക്ട് എടുക്കുന്നവർ നൽകുന്നത്.

കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ലഭിക്കുന്ന ഇരുമ്പ് റീസൈക്ലിംഗ് കമ്പനികൾക്ക് മറിച്ചുവിൽക്കും. ബാക്കി വരുന്ന കട്ട, സമിന്റ്, മെറ്റൽ അവശിഷ്ടങ്ങളാണ് നിലം നികത്തുന്നവർക്ക് നൽകുന്നത്. ഈ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിരവധി നെൽപാടങ്ങൾ ആധുനിക യന്ത്ര സഹായത്തോടെയാണ് നികത്തുന്നത്.

നടപടി സ്വീകരിച്ച് അധികൃതർ

1. കൊറ്റമ്പള്ളിയിൽ ഡേറ്റബാങ്കിൽ ഉൾപ്പെട്ട നിലം നികത്തിയ ചങ്ങൻകുളങ്ങര സ്വദേശിക്കെതിരെ റവന്യൂ അധികൃതർ നിയമനടപടി ആരംഭിച്ചു

2. അനധികൃതമായി നിലം നികത്താൻ ശ്രമിച്ച മറ്റ് മൂന്നുപേർക്കെതിരെയും റവന്യൂ വകുപ്പ് നോട്ടീസ് നൽകി

3. ഓച്ചിറ വില്ലേജ് ഓഫീസർ എൻ. അനിൽകുമാർ, ഫീൽഡ് അസിസ്റ്റന്റുമാരായ രാധാകൃഷ്ണൻ, സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് നൽകിയത്

""

നികത്തിയ നിലങ്ങൾ പൂർവസ്ഥിതിയിലാക്കാൻ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും മറ്റ് നടപടികൾക്കായി തഹസിൽദാർക്കും റിപ്പോർട്ട് നൽകി. പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന് കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറി.

എൻ. അനിൽകുമാർ,

വില്ലേജ് ഓഫീസർ, ഓച്ചിറ