
കൊല്ലം: ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും സ്വകാര്യ ബസുകൾക്ക് സെക്കൻഡുകളുടെ വ്യത്യാസത്തിൽ സമയക്രമം നിശ്ചയിക്കുന്നതും നിരത്ത് കുരുതിക്കളമാക്കുന്നു. ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും ബസിലുള്ളവർക്കും ഭീഷണിയായി ഇവർ മരണപ്പാച്ചിൽ നടത്തിയിട്ടും വേണ്ടപോലെ ഇടപെടാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കഴിയുന്നില്ല.
25-35 വയസിനിടയിലുള്ളവരാണ് ഒട്ടുമിക്ക സ്വകാര്യ ബസുകളിലെയും ഡ്രൈവർമാർ. ഡ്രൈവിംഗിലെ സാഹസികത മറ്റുള്ളവരെ കാട്ടാൻ ഇവർ നടത്തുന്ന ശ്രമങ്ങൾ നിരത്തിലെ ഓരോ ജീവനും ഭീഷണിയായിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയോടും കൂട്ടത്തിലെ മറ്റു ബസുകളോടും മത്സരിക്കേണ്ട സാഹചര്യം ഒത്തുവരുമ്പോഴാണ് അമിതവേഗം സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനസിലേക്ക് ഇരച്ചെത്തുന്നത്. രാവിലെയും വൈകിട്ടുമാണ് ബെല്ലും ബ്രേക്കുമില്ലാത്ത പാച്ചിൽ. തിരക്കില്ലത്ത ഉച്ച നേരങ്ങളിൽ വളരെ മര്യാദയ്ക്ക് ഇതേ ഡ്രൈവർമാർ ബസോടിച്ചു പോകുന്നതും കാണാം!
മോട്ടോർ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ മിക്കതും സ്വകാര്യബസുകൾ പാലിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഒട്ടുമിക്ക ബസുകളിലും സ്പീഡ് ഗവർണർ ബന്ധം വേർപെടുത്തിയിട്ടുണ്ടാവും. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുക, ട്രാഫിക് സിഗ്നലുകൾ അവഗണിക്കുക, സിഗ്നലുകളിൽ വരിവരിയായി കിടക്കുന്ന വാഹനങ്ങളുടെ ഇടത്തുകൂടിയോ മറ്റോ മുന്നിലെത്തുക എന്നിവയാണ് പ്രധാന വിനോദങ്ങൾ.
# ചോദ്യം ചെയ്താൽ അടി
അമിതവേഗവും മറ്റും ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ സംഘംചേർന്ന് ആക്രമിക്കാറുണ്ട്. അതുകൊണ്ട് ആരുമൊന്നും മിണ്ടാറില്ല. നേരത്തെ ഗതാഗതവകുപ്പിന്റെയും പൊലീസിന്റെയും നിരവധി പരിശീലന ക്ലാസുകൾ ഡ്രൈവർമാർക്കായി സംഘടിപ്പിക്കുമായിരുന്നു. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ അവ താത്കാലികമായി നിറുത്തിവച്ചു. പരിശീലനക്‌ളാസുകളിൽ പങ്കെടുത്തവർക്ക് മാത്രം സ്റ്റേജ് കാരിയേജ് ബസുകൾ ഓടിക്കാനുള്ള അനുവാദം നൽകിയിരുന്നപ്പോൾ നിരത്തുകളിൽ ഇവർ മര്യാദാരാമന്മാരായിരുന്നു.
# സ്പീഡ് ഗവർണർ അലർജി
 മ്യൂസിക് സിസ്റ്റത്തിന്റെ അമിത ഉപയോഗം
 മ്യൂസിക്കൽ എയർ ഹോണുകൾ
 സ്പീഡ് ഗവർണർ കേബിൾ ഘടിപ്പിക്കാതിരിക്കുക
 ഡ്രൈവർ കാബിൻ തിരിക്കാറില്ല
 കാബിനുള്ളിൽ യാത്രക്കാരെ പ്രവേശിപ്പിക്കൽ
 വാതിലുകൾ തുറന്നിടൽ
 അഗ്നിശമന ഉപകരണങ്ങളില്ല
 എമർജൻസി ഗ്ളാസിൽ സൺ ഫിലിം
 യൂണിഫോം, നെയിംബാഡ്ജ് ഇല്ല
.......................
# നിരത്തിൽ ചോരമണം
റോഡപകടങ്ങളിൽ പ്രതിവർഷം ഏകദേശം 3000 പേർ കേരളത്തിൽ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. പ്രതിദിനം ശരാശരി 9 മരണം. 136 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു