കരുനാഗപ്പള്ളി: കാലിത്തീറ്റ വില വർദ്ധനവും അടിക്കടിയുണ്ടാകുന്ന രോഗങ്ങളും മൂലം കാലിവളർത്തൽ പ്രതിസന്ധിയിലായതോടെ ക്ഷീര കർഷകർ രംഗംവിടുന്നു. ഇതോടെ ക്ഷീര വ്യവസായത്തിന്റെ കറവ വറ്റിത്തുടങ്ങി.
കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പല കർഷകരും കന്നുകാലികളെ വ്യാപകമായി വിൽക്കുന്നതും മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. മേഖലയെ സഹായിക്കാൻ ക്ഷീര വികസന വകുപ്പ് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും കർഷകർക്ക് താങ്ങാകാൻ ഇത്തരം പദ്ധതികൾക്ക് കഴിയുന്നില്ല.
കരുനാഗപ്പള്ളി നഗരസഭാ പരിധയിൽ കഴിഞ്ഞ വർഷം 2200ന് മുകളിൽ കറവപ്പശുക്കളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് 1500ൽ താഴെയായി. ഓരോ ദിവസം പിന്നിടുമ്പോഴും കറവപ്പശുക്കളുടെ എണ്ണം കുറയുകയാണ്.
വർഷങ്ങളായി മേഖലയിൽ ഉപജീവനം കണ്ടെത്തിയിരുന്ന പലരും പശു വളർത്തൽ ഉപേക്ഷിച്ച് മറ്റ് തൊഴിലിടങ്ങൾ തേടുകയാണ്.
പശുക്കളിൽ രോഗവ്യാപനം വർദ്ധിക്കുന്നു
1. കന്നുകാലികൾക്ക് വളരെ വേഗം രോഗം പിടിപെടുന്നു
2. കുളമ്പ് രോഗം, വന്ധ്യത, അകിട് വീക്കം, ശരീരത്തിൽ മുഴകൾ എന്നിവ വ്യാപകം
3. ഡോക്ടറുടെ സേവനം ലഭിക്കുമെങ്കിലും മരുന്നുകൾ പുറത്തുനിന്ന് വാങ്ങണം
4. സാമ്പത്തിക പ്രതിസന്ധി മൂലം പശുക്കൾക്ക് ഇൻഷ്വറൻസ് എടുക്കാനാവുന്നില്ല
5. ഒരു മൃഗാശുപത്രി കേന്ദ്രീകരിച്ച് 50 പശുക്കൾക്കാണ് ഇൻഷ്വറൻസ് നൽകുന്നത്
കണ്ണടച്ച് തുറക്കുമ്പോൾ
കാലിത്തീറ്റ വില ഉയരും
കരുനാഗപ്പള്ളിയിലെ ക്ഷീര കർഷകർ വ്യാപകമായി ഉപയോഗിക്കുന്നത് കെ.എസ് കാലിത്തീറ്റയാണ്. 50 കിലോഗ്രാം കാലിത്തീറ്റക്ക് 1,240 രൂപയാണ് വില. കണ്ണടച്ച് തുറക്കുന്നതുപോലെയാണ് കാലിത്തീറ്റ വില വർദ്ധിക്കുന്നത്. കേരള ഫീഡ്സിന് 1,140 രൂപ നൽകണം.
ഒരു ലിറ്റർ പാലിന് കർഷകന് ലഭിക്കുന്നത് ₹ 38
ലിറ്ററിന് കരുനാഗപ്പള്ളി നഗരസഭയുടെ ഇൻസന്റീവ് ₹ 3
വർഷത്തിൽ ലഭിക്കുന്നത് ₹ 40000 രൂപ വരെ
""
കാലിത്തീറ്റയുടെയും മരുന്നുകളുടെയും വില നിയന്ത്രിക്കണം. ക്ഷീര കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണം. ക്ഷീര വികസന വകുപ്പും കർഷകരും പാൽ സഹകരണ സംഘങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി പശുക്കൾക്കായുള്ള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കണം.
പി. സദാനന്ദൻ, ക്ഷീരകർഷകൻ