t

കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർദ്ധിക്കവേ, ഐ.സി.യു അടക്കം സൗകര്യങ്ങളുള്ള ആശുപത്രികളുടെ കുറവ് ജില്ലയിലെ സ്ഥിതി ഗുരുതരമാക്കുന്നു. വിവിധ സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി മാറ്റിവച്ച കിടക്കകൾ നിറഞ്ഞതോടെ കുടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ഉയരുന്നു.

ആദ്യ രണ്ടു തരംഗങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എല്ലാം അടച്ചുപൂട്ടി. ലക്ഷങ്ങൾ മുടക്കിയാണ് തദ്ദേശസ്ഥാപനങ്ങൾ സെന്ററുകൾ തുടങ്ങിയത്. നിലവിൽ സർക്കാർ- സ്വകാര്യ ആശുപത്രികളിലുളള സൗകര്യങ്ങൾ മാത്രമേ രോഗികൾക്ക് ലഭ്യമാകൂ. അതുകൊണ്ട് ഐ.സി.യു കിടക്കകൾ ലഭിക്കുകയെന്നത് ക്ളേശകരമാവും. പാരിപ്പളളി മെഡി. ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും കൊവിഡ് രോഗികൾ ഏതാണ്ട് നിറഞ്ഞു കഴിഞ്ഞു. മെഡി. ആശുപത്രിയിലെ കൊവിഡ് ചികിത്സാ വാർഡുകളിൽ കിടക്കകൾ ഒഴിവില്ല. 40 കിടക്കകൾ വീതമുളള മൂന്നു വാർഡുകളാണ് ഇവിടെ കൊവിഡ് രോഗികൾക്കായി നീക്കി വച്ചിട്ടുളളത്. ഇതിൽ ബഹുഭൂരിപക്ഷവും നിറഞ്ഞു. 19 ഐ.സി. യു കിടക്കകൾ ഉള്ളതിൽ 17ലും രോഗികളായി. കിടത്തി ചികിത്സയിലുളള ആരുടെയെങ്കിലും നില വഷളായാൽ മാറ്റാൻ വേണ്ടിയാണ് ഐ.സി.യു കിടക്ക രണ്ടെണ്ണം ഒഴിച്ചിട്ടിരിക്കുന്നത്.

 ജില്ലാ ആശുപത്രിയിൽ 50 കിടക്കകൾ

200 കിടക്കകളുളള ജില്ലാ ആശുപത്രിയിൽ 50 കിടക്കകളാണ് കൊവിഡ് രോഗികൾക്ക് മാറ്റിവച്ചിരിക്കുന്നത്. ഇപ്പോൾ 42 കൊവിഡ് രോഗികൾ ചികിത്സയിലുണ്ട്. 7 ഐ.സി.യു കിടക്കകളും ഇവിടെയുണ്ട്. ജീവനക്കാരുടെ കുറവു മൂലം 8 ഐ.സി.യു കിടക്കകൾ ഉപയോഗിക്കുന്നില്ല. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് കൂടുതൽ കിടക്കകൾ പ്രയോജനപ്പെടുത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് പറഞ്ഞു.