 
പുനലൂർ: നീണ്ട നാളെത്തെ മുറവിളിക്കൊടുവിൽ കല്ലടയാറ്റിലെ പേപ്പർ മിൽ തടയണയുടെ ഉയരം വർദ്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. വേനൽ രൂക്ഷമാകുമ്പോൾ തടയണയുടെ ഉയരം വർദ്ധിപ്പിക്കാത്തത് മൂലം കല്ലടയാറ്റിലെ ജലനിരപ്പ് താഴുകയും വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് മുടങ്ങുകയും ചെയ്തിരുന്നു.
ഇത് കണക്കിലെടുത്ത് തടയണയുടെ ഉയരം സ്ഥിരമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയർന്നിരുന്നു. രണ്ടുവർഷം മുമ്പ് പുനലൂരിലെത്തിയ മന്ത്രി കൃഷ്ണൻകുട്ടി താത്കാലിക മണൽചാക്ക് അടുക്കുന്നതിന് പകരം സ്ഥിരം സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ തുടർ നടപടി നീണ്ടതോടെ വേനൽകാലത്ത് രൂക്ഷമായ ജലക്ഷാമവും നേരിട്ടു.
നിർമ്മാണ പ്രവൃത്തികൾക്ക് 70.5ക്ഷം രൂപ അടങ്കൽ തുകയായി ജലസേജന വകുപ്പ് അനുവദിച്ചെങ്കിലും ടെണ്ടർ നടപടികളിൽ പങ്കെടുക്കാൻ കരറുകാർ തയ്യാറായില്ല. തുടർന്ന് സ്ഥലം എം.എൽ.എ പി.എസ്. സുപാൽ മന്ത്രി റോഷിൻ അഗസ്റ്റിനുമായി ബന്ധപ്പെട്ട് റീ ടെണ്ടർ നടപടികൾ വേഗത്തിലാക്കിയിരുന്നു. തുടർന്നാണ് ഇന്നലെ മേജർ ഇറിഗേഷന്റെ നിയന്ത്രണത്തിൽ നിർമ്മാണം ആരംഭിച്ചത്.
നവീകരണോദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. പുനലൂർ നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർക്ക് പുറമെ മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
നിർമ്മാണം അതിവേഗം പൂർത്തിയാക്കും
1. ആദ്യഘട്ടത്തിൽ മൺചാക്ക് അടുക്കി ബണ്ട് നിർമ്മിക്കും
2. പതിനായിരത്തോളം മൺചാക്കുകളാണ് വേണ്ടിവരിക
3. ഒരാഴ്ച കൊണ്ട് ബണ്ട് നിർമ്മാണം പൂർത്തിയാകും
4. അടുത്ത മാസം പകുതിയോടെ ആദ്യഘട്ട നിർമ്മാണം അവസാനിക്കും
5. മാർച്ച് 31ഓടെ നിർമ്മാണ ജോലികൾ പൂർണമായും പൂർത്തീകരിക്കും
35 വാർഡുകളുടെ ദാഹം അകറ്റും
പുനലൂർ നഗരസഭയിലെ 35 വാർഡുകളിലും സമീപ പ്രദേശങ്ങളിലും കല്ലടയാറ്റിൽ നിന്ന് ബോയ്സ് ഹൈസ്കൂളിന് സമീപത്തെ കൂറ്റൻ വാട്ടർ ടാങ്കിൽ ശേഖരിക്കുന്ന വെള്ളമാണ് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നത്. വേനൽക്കാലത്ത് നെല്ലിപ്പള്ളിക്ക് സമീപത്തെ കിണറ്റിൽ വെള്ളം വറ്റുന്നതോടെ പമ്പിംഗ് മുടങ്ങും. ഇത് പരിഹരിക്കാനാണ് പേപ്പർ മില്ലിന് സമിപത്തെ പഴയ തടയണയുടെ ഉയരം വർദ്ധിപ്പിക്കുന്നത്.
""
ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിച്ച തടയണയുടെ മുകൾ ഭാഗത്തെ കൂറ്റൻ കരികല്ലുകൾ കാലവർഷ വെള്ളപ്പാച്ചിലിൽ ഇളകിപ്പോയാണ് ഉയരം കുറഞ്ഞത്. ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.
മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ