t

കൊല്ലം: മൺറോതുരുത്ത് പഞ്ചായത്ത് പേഴുംതുരുത്തിലെ ഒരു വിഭാഗം കുടുംബങ്ങൾക്ക് രാഷ്ട്രീയത്തിന്റെ പേരിൽ ജൽജീവൻ മിഷൻ പദ്ധതിയിൽ നിന്നുള്ള കുടിവെള്ള കണക്ഷൻ നിഷേധിക്കുന്നതായി പരാതി. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിൽ ഒഴിവാക്കപ്പെട്ട 23 കുടുംബങ്ങളാണ് പഞ്ചായത്ത് അധികൃതർക്കെതിരെ കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയത്.

പേഴുംതുരുത്ത് വാർഡിലെ ഒട്ടുമിക്ക വീടുകളിലും കിണറുണ്ട്. പക്ഷെ പലതും ഉപയോഗശൂന്യമാണ്. അതുകൊണ്ടുതന്നെ എല്ലാ വീടുകളിലും കുടിവെള്ള ടാപ്പ് കണക്ഷൻ ലഭ്യമാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയെ ഇവിടുത്തുകാർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആൾത്താമസമുള്ള 197 വീടുകളാണ് വാർഡിലുള്ളത്. ആദ്യ രണ്ട് ഘട്ടങ്ങളായി വാർഡിലെ 54 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകി. എന്നാൽ രൂക്ഷമായ ക്ഷാമം നേരിടുന്നവർ, വിധവകൾ, കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളവർ തുടങ്ങിയവരെ ഒഴിവാക്കി സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്കും കാര്യമായ കുടിവെള്ള പ്രശ്നം ഇല്ലാത്തവർക്കും കണക്ഷൻ നൽകിയെന്നാണ് പരാതി. പ്രദേശത്ത് എല്ലാവർക്കും ഗാർഹിക കണക്ഷൻ ലഭിക്കും മുൻപേ വാർഡിലെ രണ്ട് പൊതുടാപ്പുകൾ വിച്ഛേദിച്ചതായും പരാതിയുണ്ട്.

ടാപ്പ് കണക്ഷൻ നൽകുന്നതിൽ വിവേചനം കാട്ടിയിട്ടില്ല. ശേഷിക്കുന്ന എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ ടാപ്പ് കണക്ഷൻ ലഭ്യമാക്കും

മിനി സൂര്യകുമാർ, പഞ്ചായത്ത് പ്രസിഡന്റ്