 
കൊല്ലം: ബീച്ചിൽ കൂറ്റൻ തിരയിലകപ്പെട്ട അഞ്ചുവയസുകാരനുൾപ്പെടെയുള്ള അഞ്ചംഗ കുടുംബത്തെ സാഹസികമായി രക്ഷിച്ച ലൈഫ് ഗാർഡുമാർക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അഭിനന്ദനം. എം.കെ. പൊന്നപ്പൻ, ഷാജി ഫ്രാൻസിസ്, ആർ.സതീഷ് എന്നിവരെയാണ് ഇന്നലെ മന്ത്രി വീഡിയോകോളിലൂടെ വിളിച്ച് അഭിനന്ദിച്ചത്. രാവിലെ പത്തോടെ സതീഷിന്റെ ഫോണിലേക്കാണ് മന്ത്രിയുടെ വീഡിയോ കാൾ എത്തിയത്. ബീച്ചിലെ ലൈഫ് ഗാർഡ് റൂമിലിരുന്ന് മൂവരും മന്ത്രിയോട് സംസാരിച്ചു.
അഞ്ച് മിനുട്ടോളം നീണ്ട സംസാരത്തിനിടയിൽ 35 വർഷമായി ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന തങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിച്ചിട്ടില്ലെന്നു മൂവരും പരിഭവം പറഞ്ഞു. പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞതായും മന്ത്രി വിളിച്ച് അഭിനന്ദിച്ചത് മറക്കാനാവാത്ത അനുഭവമാണെന്നും ലൈഫ് ഗാർഡുകൾ പറഞ്ഞു. 22 നാണ് കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട അച്ഛനും അമ്മയും അഞ്ച്, എട്ട്, 16 വയസുകാരായ മൂന്ന് ആൺകുട്ടികളെയും ലൈഫ് ഗാർഡുകൾ രക്ഷിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡുമാരുടെ അവസരോചിത ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കിലും കുറിപ്പിട്ടു.