കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന മാലിന്യം നാല് മാസത്തിനുള്ളിൽ പൂർണമായും നീക്കം ചെയ്യും. മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള ബയോ മൈനിംഗ് ഇന്നലെ ആരംഭിച്ചു. ജൂലായ് വരെയാണ് കരാർ കാലാവധി.

12 മാസത്തെ കാലാവധിയിലാണ് തമിഴ്നാട് ഈ റോഡ് ആസ്ഥാനമായുള്ള സിഗ്മ ഇന്റർനാഷണൽ എന്ന സ്വകാര്യ കമ്പനി ബയോ മൈനിംഗിന്റെ കരാറെടുത്തത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി കിട്ടാൻ കാലാവധി ആരംഭിച്ച് മൂന്ന് മാസത്തോളം കാത്തിരിക്കേണ്ടി വന്നു. ഇതിനിടയിൽ ശക്തമായ മഴയുമെത്തി. പിന്നീടാണ് മാലിന്യങ്ങൾ വേർതിരിക്കുന്നതിനുള്ള യന്ത്രസംവിധാനങ്ങൾ സ്ഥാപിച്ച് തുടങ്ങിയത്.

വേർതിരിച്ച മാലിന്യത്തിന്റെ ആദ്യലോഡ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ ഫ്ലാഗ് ഒഫ് മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എം. മുകേഷ്, ഡോ. സുജിത് വിജയൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.

 5000 ടൺ വേർതിരിച്ചു

ട്രയൽ റണ്ണിന്റെ ഭാഗമായി 5000 ടൺ മാലിന്യം ഇതുവരെ വേർതിരിച്ചെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. വേർതിരിച്ചെടുത്ത ഒരു ലോഡ് മാലിന്യം ഇന്നലെ സംസ്കരണത്തിനായി തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിയിലേക്ക് കൊണ്ടുപോയി. അരിക്കുന്നതിന് മുന്നോടിയായി മാലിന്യം ഇളക്കുമ്പോൾ വിഷവാതകങ്ങൾ ഉയരാനും ആളിക്കത്താനും സാദ്ധ്യതയുണ്ട്. ഇതൊഴിവാക്കാൻ പ്രത്യേക ഇനോക്കുലം കലർത്തിയ വെള്ളം വൻതോതിൽ തളിച്ച ശേഷമാണ് മാലിന്യം കുഴിച്ചെടുക്കുന്നത്.