 
 ടൂറിസം സർക്യൂട്ടിന് പുറത്ത്
കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ പൊങ്ങൻപാറയുടെ സൗന്ദര്യക്കാഴ്ചകൾ ടൂറിസം സർക്യൂട്ട് പദ്ധതിക്ക് പുറത്തായി. കൊല്ലത്തെ ടൂറിസം ഹബ്ബാക്കി മാറ്റുന്ന ടൂറിസം സർക്യൂട്ട് പദ്ധതിക്ക് കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ 25 കോടി രൂപ നീക്കിവച്ചിരുന്നു.
ചടയമംഗലം ജടായുപാറ, കുളത്തൂപ്പുഴ സഞ്ജീവനി വനം, കൊട്ടാരക്കര മീൻപിടിപ്പാറ, ഇടമുളയ്ക്കൽ പഞ്ചായത്തിലെ മലമേൽപാറ, മുട്ടറ മരുതിമല, തെന്മല ഇക്കോ ടൂറിസം പദ്ധതി, ശെന്തുരുണി വന്യജീവി സങ്കേതം എന്നീ മലയോരക്കാഴ്ചകളും അഷ്ടമുടിക്കായലിലെയും മൺറോത്തുരുത്തിലെയും ജലാശയക്കാഴ്ചകളും ചേരുന്നതാണ് ടൂറിസം സർക്യൂട്ട്.
ഇതിനായി കൺസൾട്ടിനെ കണ്ടെത്തി ടൂറിസം വകുപ്പ് അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കും.
ഈ പദ്ധതിയിൽ നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതികൂടി ഉൾപ്പെടുത്തുമെന്ന് നേരത്തെ മന്ത്രി കെ.എൻ. ബാലഗോപാൽ സൂചന നൽകിയതിന്റെ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ പൊങ്ങൻപാറയെ തഴഞ്ഞേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.
ടൂറിസം പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു
1. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വെൺമണ്ണൂർ പൊങ്ങൻപാറയുടെ പാറക്കെട്ടുകളുടെ സൗന്ദര്യം ടൂറിസം പദ്ധതിയാക്കാൻ ആറുവർഷം മുമ്പാണ് പദ്ധതി തയ്യാറാക്കിയത്
2. പരന്നതും കുത്തനെയുമുള്ള പാറക്കെട്ടുകളാണ് പൊങ്ങൻപാറയുടെ സൗന്ദര്യം
3. ദൂരക്കാഴ്ചയും കുളിർകാറ്റുമൊക്കെയായി സഞ്ചാരികളെ ഏറെ ആർഷിക്കും
4. കൊല്ലം - തിരുമംഗലം ദേശീയപാതയുടെ തൊട്ടടുത്തായതിനാൽ വലിയ സാദ്ധ്യത
5. 2014 മേയ് 25ലെ 3991ാം നമ്പർ ഉത്തരവ് പ്രകാരം ടൂറിസം വകുപ്പ് സൗന്ദര്യവത്കരണത്തിന് ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി
6. എന്നിട്ടും റോഡ്, കവാടം, കുഴൽക്കിണർ, സൗരോജ വിളക്കുകൾ, ഇരിപ്പിടങ്ങൾ, പൂന്തോട്ടങ്ങൾ, കളിക്കോപ്പുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണശാല എന്നിവ സജ്ജമാക്കാനായില്ല
7. 24,50,000 രൂപയുടെ ബില്ല് മാറി നൽകി. 6,25,505 രൂപ കരാറുകാരന് ഇനിയും നൽകാനുണ്ട്
നവീകരണത്തിന് അനുവദിച്ചത്: ₹ 49 ലക്ഷം
""
പൊങ്ങൻപാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എൻ. ബാലഗോപാലിനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനും നിവേദനം നൽകി
ആർ.രാജശേഖരൻ പിള്ള
നെടുവത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ടൂറിസം ഉദ്യോഗസ്ഥർ സന്ദർശിച്ചു
പൊങ്ങൻപാറയുടെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മന്ത്രി കെ.എൻ. ബാലഗോപാലിനെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ടി.പി.സി സെക്രട്ടറി രമ്യ.ആർ.കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം പൊങ്ങൻപാറ സന്ദർശിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സത്യഭാമയും സെക്രട്ടറി എം.ജി. ബിനോയ്, വാർഡ് മെമ്പർ ആർ. രാജശേഖരൻ പിള്ള എന്നിവർ പങ്കെടുത്തു.