 
കൊട്ടാരക്കര: തിരക്കേറിയ കൊട്ടാരക്കര ഓയൂർ റോഡിൽ തൃക്കണ്ണമംഗൽ ഗാന്ധിമുക്കിന് സമീപം കലുങ്ക് നിർമ്മാണത്തിന് റോഡ് മുറിച്ച് കുഴിയെടുത്തിട്ട് മൂന്നുമാസത്തിലേറെയായി.
അടിയന്തരമായി പൂർത്തിയാക്കേണ്ട നിർമ്മാണം ഒച്ചിയുന്ന വേഗത്തിലാണ് നടക്കുന്നത്. നൂറുകണക്കിന് സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ചെയിൻ സർവീസും മറ്റ് വാഹനങ്ങളും കന്നുപോകുന്ന റോഡിലാണ് ഈ ദുരിതാവസ്ഥ. ഇതുമൂലം ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും പതിവ് കാഴ്ചയാണ്.
വീതികുറഞ്ഞ റോഡിൽ കലുങ്ക് നിർമ്മാണത്തിന് പകുതിഭാഗം മുറിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. കോടതിയിൽ പോകുന്നവരും സ്കൂൾ - കോളജ് വിദ്യാർത്ഥികളും വിവിധ ഓഫീസുകളിൽ എത്തേണ്ട ജീവനക്കാരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണമെന്ന് തൃക്കണ്ണമംഗൽ ജനകീയവേദി ആവശ്യപ്പെട്ടു.