sebatin
സെബാസ്റ്റിൻ

കടയ്ക്കൽ: ചുണ്ട ചെറുകുളം പാറ ക്വാറിയിലും സമീപത്തെ റോഡിലും പൊടിശല്യം ഒഴിവാക്കുന്നതിന് വെള്ളം തളിക്കാനെത്തിയ ടാങ്കർലോറി 35 അടി താഴ്ചയിലേക്ക് മറി‌ഞ്ഞ് ഡ്രൈവർ മരിച്ചു. ഇട്ടിവ ഫിൽഗിരി നെടുന്താനത്ത് വീട്ടിൽ സെബാസ്റ്റ്യനാണ് (47) മരിച്ചത്. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇന്നലെ വൈകിട്ട് 3.45നായിരുന്നു അപകടം. ലോറിയിൽ കൊണ്ടുവന്ന വെള്ളം ക്വാറിയിലും റോഡിലും തളിച്ച ശേഷം മടങ്ങുന്നതിനിടെയാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഈ ഭാഗത്ത് 70 അടിയോളമാണ് താഴ്ച. എന്നാൽ 35 അടി താഴ്ചയിൽ പാറ ഖനനം ചെയ്തു രൂപപ്പെട്ട തിട്ടയുണ്ട്. താഴേക്ക് മറിഞ്ഞ ലോറി ഈ തിട്ടയിൽ കുരുങ്ങുകയായിരുന്നു. കാബിനിൽ കുടുങ്ങിയ സെബാസ്റ്റ്യനെ കടയ്ക്കൽ ഫയർഫോഴ്സും പൊലീസും ചേർന്ന് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പാരിപ്പള്ളി മെഡി. ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സിനിയാണ് ഭാര്യ. ജെഫിൻ, അഫിൻ എന്നിവർ മക്കൾ. ക്വാറിയിൽ ഖനനം നടക്കുന്നതിനാൽ പൊടിശല്യം രൂക്ഷമായിരുന്നു. ലോറിയിൽ സ്ഥിരമായി പാറ കൊണ്ടുപോകുന്നത് റോഡിലും പൊടിശല്യം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ലോറിയിൽ വെള്ളം എത്തിച്ച് തളിച്ചിരുന്നത്.