കൊട്ടാരക്കര: വഴിയരികിൽ നിന്ന് ലഭിച്ച സ്വർണ ചെയിൻ ഉടമയ്ക്ക് തിരികെ നൽകി ലോട്ടറി വില്പനക്കാരൻ മാതൃകയായി. കാൽനടയായി ലോട്ടറി വില്പന നടത്തുന്ന അമ്പലക്കര കൊച്ചുവിള മേലതിൽ അജയൻ ഉണ്ണിത്താനാണ് (48) ഒന്നര പവന്റെ ചെയിൻ ലഭിച്ചത്. ശനിയാഴ്ച രാവിലെ 11 ഓടെ പുലമൺ ജംഗ്ഷന് സമീപത്ത് നിന്ന് കിട്ടിയ ചെയിൻ അജയൻ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് ഉടമയായ പുലമൺ കുറ്റിവിള താഴതിൽ റോബിൻ സ്റ്റേഷനിലെത്തി പൊലീസ് സാന്നിദ്ധ്യത്തിൽ അജയനിൽ നിന്നുതന്നെ ചെയിൻ ഏറ്റുവാങ്ങി.