house-boat
കൊല്ലം ബോട്ട് ജെട്ടിയിൽ കെട്ടിയിട്ടിരിക്കുന്ന ഡി.ടി.പി.സിയുടെ തകർന്ന ഹൗസ് ബോട്ടുകൾ

കൊല്ലം: സ്വകാര്യ മേഖലയ്ക്ക് വെല്ലുവിളിയായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി) കായലി​ൽ ഇറക്കുകയും അധി​കം വൈകാതെ കരയോട് ചേരുകയും ചെയ്ത നാലു ഹൗസ് ബോട്ടുകളുടെയും അറ്റകുറ്റപ്പണി​ പ്രതീക്ഷകൾ മങ്ങുന്നു. നവീകരണത്തിന് ടെണ്ടർ ക്ഷണിച്ചെങ്കിലും യോഗ്യമായതൊന്നും ലഭി​ച്ചി​ല്ല. ഇതോടെ റീ ടെണ്ടറി​നുള്ള ആലോചനയിലാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ.

ജലറാണി, ജലമങ്ക, ജലസദസ്, ജലരാജ എന്നീ ഹൗസ് ബോട്ടുകളാണ് ഡി.ടി.പി.സിയുടെ ഉടമസ്ഥതയി​ലുള്ളത്. ഇതിൽ ജലറാണിയും ജലമങ്കയും ഡി​.ടി.പി​.സി​യുടെ ചെലവി​ൽ നവീകരിച്ച് സർവീസ് നടത്താനായിരുന്നു തീരുമാനം. ഇതിനായി​ 35 ലക്ഷം രൂപ 2021ൽ അനുവദിച്ചിരുന്നു. സർക്കാർ സ്ഥാപനമായ കൊച്ചി കിൻകോ കരാറെടുത്തെങ്കിലും പിന്നീട് കൈവി​ട്ടു. ഈ തുകയ്ക്ക് നവീകരണം നടക്കി​ല്ലെന്നായി​രുന്നു അവരുടെ നി​ഗമനം. കൂടാതെ കൊവിഡും ജോലികൾക്ക് തടസമായി. ഡി.ടി.പി.സിയിലെ ചില ജീവനക്കാരും സ്വകാര്യ ബോട്ടുടമകളും ഒത്തുകളിച്ച് നവീകരണ ജോലികൾ വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നതോടെയാണ് കരാർ നൽകാൻ നടപടികൾ ആരംഭിച്ചത്.

 വിൽക്കാനും കഴിയുന്നില്ല

ചോർച്ചയുണ്ടെന്ന കാരണത്താൽ ജലമങ്ക കൊവിഡിന്റെ ഒന്നാം തരംഗത്തിലാണ് സർവീസ് നി​റുത്തി​യത്. പുതുക്കിപ്പണിയാനായി​ ഇതിന്റെ പനമ്പ് പൊളിച്ചു നീക്കിയി​രുന്നു. ടാർപാളിൻ ഷീറ്റ് വിരിച്ച് സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാറ്റിലും മഴയിലും ബോട്ടിന്റെ പകുതിയോളം ഭാഗം മുങ്ങി. രണ്ടു വർഷമായി ജലരാജയും ജലസദസും കായലിൽ കെട്ടിയിട്ടിരിക്കുകയാണ്. ടെണ്ടർ ക്ഷണിച്ച് വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തുന്നവർക്കു തന്നെ ഉപയോഗിക്കാവുന്ന വിധമാണ് കരാർ ക്ഷണിച്ചിട്ടുള്ളത്. വരുമാനത്തിന്റ നിശ്ചിത ശതമാനം ഡി. ടി.പി.സിക്ക് നൽകണമെന്നായിരുന്നു നി​ബന്ധന.

കാട്ടിലെ തടി!

1. സ്വകാര്യ ബോട്ടുടമകളും ഡി.ടി.പി.സിയും തമ്മിൽ ഒത്തുകളി ആരോപണം

2. അറ്റകുറ്റപ്പണികൾ വേണ്ടവിധം നടത്താതെ കായലിൽ തള്ളുന്നു

3. സ്വകാര്യന്മാർക്കു വേണ്ടി ജീവനക്കാരെ സ്വാധീനിക്കാൻ രാഷ്ട്രീയക്കാരും

4. ഒരു കാലത്ത് ഡി.ടി.പി.സിക്ക് ഉണ്ടായിരുന്നത് 12 ബോട്ടുകൾ.

5. നാലെണ്ണമായിട്ടും നോക്കിനടത്താൻ കഴിയുന്നില്ല

6. ചെറിയ തകരാർ കണ്ടാൽ പോലും സർവീസ് നിറുത്തിവയ്ക്കും

7. പകരം സ്വകാര്യ ബോട്ടുടമകൾക്ക് ബുക്കിംഗുകൾ നൽകും