കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, കൊല്ലം യൂണിയന്റെ അടിയന്തിര കൗൺസിൽ യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് സത്യത്തിനൊപ്പം എല്ലാവരും അണിനിരന്ന് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടക്കുന്ന അശ്വമേധത്തിലെ ചുറുചുറുക്കുള്ള അണികളാകാനും യോഗം തീരുമാനിച്ചു.

പ്രാതിനിദ്ധ്യ വോട്ടവകാശം ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കിയതുകൊണ്ട് നിലവിലെ നേതൃത്വത്തിന് ഒന്നും സംഭവിക്കില്ല. കഴിഞ്ഞ 25 വർഷത്തി​നി​ടെ യോഗത്തിനും ട്രസ്റ്റിനും സമുദായത്തിനും ഉണ്ടായ മുന്നേറ്റങ്ങൾ കാണാൻ എവിടേക്ക് നോക്കിയാലും തെളിവുകളുണ്ട്. സമുദായാംഗങ്ങൾക്ക് വ്യക്തമായ ബോദ്ധ്യവുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാ യോഗാംഗങ്ങളും തിര‌ഞ്ഞെടുപ്പിൽ പങ്കെടുത്താൽ വെള്ളാപ്പള്ളി നടേശന്റെ ഭൂരിപക്ഷം കോടിക്കണക്കിന് വോട്ടുകളായി വർദ്ധിക്കുകയേയുള്ളൂ. ഇക്കാര്യം സംബന്ധിച്ച വ്യക്തമായ ബോദ്ധ്യം വിരലിലെണ്ണാവുന്ന എതിരാളികൾക്കുമുണ്ട്. എന്നിട്ടും വീണുകിട്ടിയ വിധിയെ അവർ കുപ്രചാരണത്തിന് എരിവ് കൂട്ടാനുള്ള ആയുധമാക്കിയിരിക്കുകയാണ്. വെള്ളാപ്പള്ളി നേടേശനെതിരായ പടുത്തുയുർത്തിയ നുണയുടെ എല്ലാ ചീട്ടുകൊട്ടാരങ്ങളും തകർന്നടിഞ്ഞ ചരിത്രമാണുള്ളത്. ഇപ്പോഴത്തെ കുപ്രചാരണത്തിന്റെ സ്ഥിതിയും അതാവും. എങ്കിലും കൊല്ലം യൂണിയൻ കൂടുതൽ ഊർജ്ജസ്വലമായി ആവേശത്തോടെ ജനറൽ സെക്രട്ടറിക്കൊപ്പം നിൽക്കും. അത് കാലത്തിന്റെ കടപ്പാടാണ്. വെള്ളാപ്പള്ളി നടേശന് എന്ത് പ്രതിസന്ധി ഉണ്ടായാലും അത് നേരിടാൻ കൊല്ലം യൂണിയനും പോഷകസംഘടനകളും 75 ശാഖ കമ്മിറ്റികളും ശാഖ അംഗങ്ങളും ഒപ്പമുണ്ടാകുമെന്നും യോഗം പ്രഖ്യാപിച്ചു.

യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ഡയറക്ടർ ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേശ്, കൗൺസിലർമാരായ ബി. വിജയകുമാർ, കൂട്ടിക്കട പ്രദീപ്, നേതാജി ബി. രാജേന്ദ്രൻ, പ്രതാപൻ, ഷാജി ദിവാകർ, സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി, ജി. രാജ്മോഹൻ, വനിതാ സംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീല നളിനക്ഷൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.