
കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സി.ഡി.എസ് (കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി) തിരഞ്ഞെടുപ്പുകൾ കൂടി പൂർത്തിയായതോടെ 6 ജില്ലകളിലെ കുടുംബശ്രീ ത്രിതല സംവിധാനങ്ങളുടെ തലപ്പത്ത് സാരഥികളായി. പുതിയ ഭരണസമിതികൾ ഇന്ന് ചുമതലയേൽക്കും. കൊവിഡ് വ്യാപനം കാരണം തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ തിരഞ്ഞെടുപ്പ് പൂർത്തിയായിട്ടില്ല. കൊവിഡ് കാറ്റഗറിയിൽ മാറ്റം വരുന്നതനുസരിച്ച് പുതിയ തീയതി തീരുമാനിക്കും.
രാവിലെ 9.30ന് അയൽക്കൂട്ടങ്ങൾ, 11ന് എ.ഡി.എസ്, ഉച്ചയ്ക്കു ശേഷം സി.ഡി.എസ് എന്നിങ്ങനെയാണ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ. സി.ഡി.എസ് ചെയർപെഴ്സൺ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്നലെയാണ് നടന്നത്. സംസ്ഥാനത്ത് ആകെ 1064 സി.ഡി.എസുകളാണുള്ളത്. എ.ഡി.എസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 പേർ ചേർന്നാണ് സി.ഡി.എസ് അദ്ധ്യക്ഷയെ തിരഞ്ഞെടുക്കുന്നത്. 13 വാർഡുകളുളള (എ.ഡി.എസ്) ഒരു തദ്ദേശസ്ഥാപനത്തിൽ 143 പേർക്ക് വോട്ടവകാശമുണ്ട്. 55 വാർഡുകളുള്ള കൊല്ലം കോർപ്പറേഷനിൽ കൊല്ലം, കൊല്ലം ഈസ്റ്റ് എന്നിങ്ങനെ രണ്ടു സി.ഡി.എസുകളുണ്ട്. ഒരു വാർഡിൽ നിന്ന് 11 പേർ വീതം 605 പേർക്കായിരുന്നു വോട്ടവകാശം.
 മാനദണ്ഡങ്ങൾ മറികടക്കാതെ
കൊവിഡ് മാനദണ്ഡങ്ങൾ തെറ്റാതിരിക്കാൻ പ്രത്യേക ശദ്ധചെലുത്തിയായിരുന്നു കുടുംബശ്രീ തിരഞ്ഞെടുപ്പ്. വോട്ടർമാർക്ക് വെവ്വേറെ സമയം നിശ്ചയിച്ചു നൽകിയാണ് പോളിംഗ് സ്റ്റേഷനിൽ പ്രവേശിപ്പിച്ചത്. കുടുംബശ്രീ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 2,84,338 അയൽക്കൂട്ടങ്ങളിലും 19,502 എ.ഡി.എസുകളിലും ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നു.