alappad
ആലപ്പാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ടി.എസ് കനാലിന് കിഴക്ക് വശം ആയിരംതെങ്ങ് ഭാഗത്ത് പുതുതായി നിർമ്മിച്ച കുഴൽക്കിണറിന്റെ പ്രവർത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിക്കുന്നു

ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ടി.എസ് കനാലിന് കിഴക്ക് ആയിരംതെങ്ങ് ഭാഗത്ത് ആറുമാസമായി നേരിട്ടിരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.

പുതിയ കുഴൽ കിണർ പ്രവർത്തനം ആരംഭിച്ചതോടെയാണ് കുടിവെള്ള ക്ഷാമത്തിന് പരിഹാരമായത്. പമ്പിംഗ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിച്ചു. ഗ്രാമപ‌ഞ്ചായംഗം പ്രേമചന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് പസിഡന്റ് ടി. ഷൈമ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസീത, മായ, സരിത, ഉദയകുമാരി തുടങ്ങിയവർ പങ്കെടുത്തു.

പഴയ പമ്പ് ഉപയോഗശൂന്യമായതോടെ ആയിരംതെങ്ങിൽ നൂറ്റിയൻപതോളം വരുന്ന കൂടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ വലയുകയായിരുന്നു. ആയിരം തെങ്ങ് ഇട്ടിക്കാത്തറ ജോയി വിട്ടുനൽകിയ വസ്തുവിലാണ് പമ്പ് സ്ഥാപിച്ചത്. സമീപത്തെ ഐസ് പ്ലാന്റുകളുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കുഴൽ കിണർ നിർമ്മിച്ചത്.