t

കൊല്ലം: ഭരണഘടനയെപ്പറ്റി ജനങ്ങളിൽ അവബോധം വളർത്താനുള്ള, 'ദി സിറ്റിസൺ-2022' സമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിൻ കൊവിഡ് കാരണം മുടങ്ങി. കൊവിഡ് നിയന്ത്രണ വിധേയമാകുന്ന മുറയ്ക്ക് സ്പീക്കർ എം.ബി. രാജേഷ് കാമ്പയിൻ ഉദ്ഘാടനം ചെയ്യും.

റിപ്പബ്ളിക് ദിനത്തിൽ തുടങ്ങി അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന കാമ്പയിൻ കൊല്ലത്തു നിന്ന് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. തുടർന്ന് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ആഗസ്റ്റ് 14ന് അർദ്ധരാത്രിയോടെ കൊല്ലം ജില്ലയെ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഓരോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ക്ളാസുകൾ കൈകാര്യം ചെയ്യേണ്ട സെനറ്റർമാരുടെ പട്ടിക തയ്യാറാക്കി. കിലയാണ് അപേക്ഷകൾ സ്വീകരിച്ച് പട്ടിക തയ്യാറാക്കിയത്. ഭരണഘടനയിലെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, പൗരന്മാരെ സ്വന്തം അവകാശങ്ങളെപ്പറ്റി ബോധവാന്മാരാക്കുക, ഭരണഘടനാ ലംഘനങ്ങളെ തടയാൻ പ്രാപ്തരായ സമൂഹത്തെ വളർത്തുക തുടങ്ങിയ വിശാല കാഴ്ചപ്പാടുകളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ആസൂത്രണ സമിതി, ജില്ലാ പഞ്ചായത്ത്, കില എന്നിവ സംയുക്തമായിട്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കിക്കൊണ്ട് പദ്ധതിയെ ജനകീയമാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.

 ജില്ലയിൽ സെനറ്റർമാർ: 1,200

 കുടുംബങ്ങൾ: 7 ലക്ഷം

# രാജ്യത്ത് ഇതാദ്യം

 രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഭരണഘടനാ ബോധവത്കരണ പദ്ധതി നടപ്പാക്കുന്നത്

 പത്ത് വയസിന് മുകളിലുള്ള എല്ലാവരെയും ബോധവത്കരിക്കുക ലക്ഷ്യം

 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ പങ്കാളികളാക്കും

 ജില്ലാതല ഉദ്ഘാടനത്തിന് ശേഷം തദ്ദേശ സ്ഥാപന തലത്തിൽ ഉദ്ഘാടനവും പ്രചാരണവും

 ഏപ്രിൽ ആദ്യവാരം മുതൽ പഠന ക്ളാസുകൾ ആരംഭിക്കും

 10-20 കുടുംബങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് മൂന്ന് തവണ ക്ളാസ് നൽകും

ജനങ്ങളിൽ ഭരണഘടനാ അവബോധം വളർത്തുകയാണ് ലക്ഷ്യം. പഠനം പൂർത്തിയാക്കുന്നവർക്ക് ഭരണഘടനയുടെ ആമുഖം നൽകും. ഇത് വീടുകളിൽ സ്ഥാപിക്കണം

സാം കെ. ഡാനിയൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,​ കൊല്ലം