കൊ​ല്ലം: ലിങ്ക് റോഡിന്റെ മൂന്നാംഘട്ടം വികസനം ഏപ്രിൽ ആദ്യം പൂർത്തിയാകുന്നതോടെ കപ്പലണ്ടി മുക്ക് മുതൽ കച്ചേരി വരെയുള്ള ഗതാഗതക്കുരുക്കിന് ആശ്വാസമാകും. മൂന്നാംഘട്ടമായ ഓവർബ്രിഡ്ജിന്റെ 90 ശതമാനം നിർമ്മാണ പ്രവൃത്തികളും പൂർത്തിയായി.

കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയ്ക്ക് സമീപത്തു നിന്നു ഓലയിൽക്കടവ് വരെയാണ് ലിങ്ക് റോഡിന്റെ മൂന്നാംഘട്ട വികസനം. ഇതിൽ 1100 മീറ്റർ ഓവർബ്രിഡ്ജാണ്. ബാക്കി 300 മീറ്ററാണ് അപ്രോച്ച് റോഡ്. ഓവർബ്രിഡ്ജിന്റെ അവസാന ഒരു സ്ലാബിന്റെയും അപ്രോച്ച് റോഡുകളുടെയും നിർമ്മാണം കൂടിയാണ് ബാക്കിയുള്ളത്. ഇതിൽ ഓലയിൽക്കടവ് ഭാഗത്ത് അപ്രോച്ച് റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഉടമയുമായി​ ഉണ്ടായിരുന്ന തർക്കം എം.എൽ.എ ഇടപെട്ട് ഇന്നലെ പരിഹരിച്ചു. പെയിന്റിംഗ് 60 ശതമാനം പൂർത്തിയായി. തെരുവ് വിളക്കുകൾ കൂടി സ്ഥാപിക്കാനുണ്ട്.

പാലം തുറക്കുന്നതോടെ ചവറ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾക്ക് കോളേജ് ജംഗ്ഷൻ, ചിന്നക്കട, കച്ചേരി എന്നിവിടങ്ങളിലെ കുരുക്കിൽപ്പെടാതെ കടന്നുപോകാനാകും. ഒരു വർഷം മുൻപ് കരാർ കാലാവധി പൂർത്തിയായിരുന്നു. കൊവിഡിനെ തുടർന്ന് നിർമ്മാണം മുടങ്ങിയതിനാൽ രണ്ട് ഘട്ടമായി ആറ് മാസം വീതം കാലാവധി നീട്ടിനൽകുകയായിരുന്നു.

 നാലാം ഘട്ടത്തിന് 150 കോടി

ലിങ്ക് റോഡ് വഴി ഓലയിൽക്കടവിൽ എത്തുന്ന വാഹനങ്ങൾ ഇടുങ്ങിയ റോഡിലൂടെ ഏറെ തിരക്കേറിയ ഹൈസ്കൂൾ ജംഗ്ഷനിലാണ് വന്നുകയറുന്നത്. അതുകൊണ്ട് നഗരത്തിലെ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ ലിങ്ക് റോഡ് തോപ്പിൽ കടവ് വരെ നീട്ടണം. ഈ നാലാംഘട്ട വികസനത്തിന് 2017ലെ ബഡ്ജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 150 കോടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കിഫ്ബിയുടെ അനുമതി നീണ്ടു. ശക്തമായ സമ്മർദ്ദം ഉയർന്ന സാഹചര്യത്തിലാണ് കിഫ്ബി ഒ.ഡി സർവേ നിർദ്ദേശിച്ചത്. സർവേ മാർച്ചിൽ പൂർത്തിയാക്കി ഏപ്രിലിൽ തന്നെ നാലാംഘട്ട നിർമ്മാണം ആരംഭിക്കാനാണ് ആലോചന. ഓലയിൽക്കടവിൽ നിന്നു തോപ്പിൽക്കടവിലേക്ക് 1765.60 മീറ്റർ നീളത്തിലുള്ള ഫ്ലൈ ഓവറാണ് നാലാം ഘട്ടത്തിലുള്ളത്.

 ഒ.ഡി സർവേ

ഓലയിൽക്കടവ് മുതൽ തോപ്പിൽക്കടവ് വരെയുള്ള ലിങ്ക് റോഡിന്റെ നാലാംഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് ഒ.ഡി (ഒർജിൻ ആൻഡ് ഡെസ്റ്റിനേഷൻ) സർവേ നടത്തും. ഇതുവഴി കടന്നുപോകാൻ സാദ്ധ്യതയുള്ള വാഹനങ്ങളുടെ എണ്ണം കണക്കാക്കാനാണ് സർവേ.

........................................

 ലി​ങ്ക് റോ​ഡ് മൂ​ന്നാം​ഘ​ട്ടം നീ​ളം: 1.4 കി. മീ

 ഫ്ളൈ ഓ​വർ നീ​ളം: 1100 മീ​റ്റർ

 ചെ​ല​വ്: 103 കോ​ടി

 പൂർ​ത്തി​യാ​യ​ത്: 90 ശ​ത​മാ​നം

 നാലാംഘട്ടം ഫ്ളൈ ഓവർ: 1765.60 മീറ്റർ