 
കൊല്ലം: പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ മദ്ധ്യ ഭാഗത്തുള്ള സ്പാൻ രൂപകല്പനയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയും കേരള റോഡ് ഫണ്ട് ബോർഡും തമ്മിലുള്ള തർക്കം തീരാൻ സാദ്ധ്യത തെളിഞ്ഞു. കൊല്ലത്തിന്റെ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കേണ്ട പാലത്തിന് ഇനി നിർമ്മാണ തടസം ഉണ്ടാവില്ലെന്നു പ്രതീക്ഷിക്കാം.
ബോർഡ് ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ കിഫ്ബിയുടെ ടെക്നിക്കൽ വിഭാഗം പുതിയ ഡിസൈൻ തയ്യാറാക്കി നൽകാമെന്ന് തീരുമാനിച്ചതോടെയാണ് തർക്കത്തിന് പരിഹാരം തെളിയുന്നത്. പാലം നിർമ്മാണത്തിന് കരാർ നൽകിയ ശേഷം ഡിസൈനിൽ വരുത്തിയ മാറ്റം അംഗീകരിക്കാനാവില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. കമ്പനി പുതിയ ഡിസൈൻ തയ്യാറാക്കി നൽകിയെങ്കിലും ബോർഡ് ഉദ്യോഗസ്ഥർ അത് അംഗീകരിച്ചില്ല. 18.50 കോടിയുടെ നിർമ്മാണ പ്രവൃത്തികൾ നടന്നെങ്കിലും ഒരുരൂപ പോലും നൽകാതിരുന്നതും കരാർ കമ്പനി അധികൃതരെ ചൊടിപ്പിച്ചു. പല ഘട്ടങ്ങളിയായി ബില്ല് സമർപ്പിച്ചെങ്കിലും പണം അനുവദിക്കാതായതോടെ കരാറുകാരായ ചെറിയാൻ വർക്കി ആൻഡ് കമ്പനി നിർമ്മാണം നിറുത്തി വച്ചു. ഇക്കാര്യം 'കേരളകൗമുദി' പുറത്തു കൊണ്ടുവന്നതോടെ എം. മുകേഷ് എം.എൽ.എ വിഷയത്തിൽ ഇടപെട്ടു.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്ത ജില്ലാ ഇൻഫ്രാസ്ട്രക്ചറൽ കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ വിഷയം ചർച്ചയായി. ഇതുവരെ ചെയ്ത പ്രവൃത്തികളുടെ പണം നൽകാൻ യോഗത്തിൽ തീരുമാനമായി. ആദ്യ ബില്ലിലെ 5 കോടി രൂപ അടുത്ത ദിവസംതന്നെ കൈമാറി. ബാക്കി തുകയും ഉടൻ നൽകും. ഡിസൈൻ സംബന്ധിച്ച തർക്കം ഇന്നലെ തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ പരിഹരിക്കുകയും ചെയ്തു.
# തുടക്കം ഫെബ്രുവരിയിൽ
കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ആകെയുള്ള 80 പൈലുകളും പൂർത്തിയായി. എട്ട് പൈൽ ക്യാപ്പുകളും രണ്ട് പിയർ ക്യാപ്പുകളും നിർമ്മിച്ചു. ഇതിനൊപ്പം ബീമുകളുടെ കോൺക്രീറ്റിംഗിനുള്ള ഒരുക്കങ്ങൾ നടക്കവേയാണ് നിർമ്മാണം മന്ദഗതിയിലായത്.
# തർക്കം മൂത്ത വഴി
 11 സ്പാനുകളിൽ മദ്ധ്യഭാഗത്ത് 70 മീറ്റർ നീളമുള്ള സ്പാനിന്റെ ഡിസൈനിൽ തർക്കം
 കരാർ നൽകുമ്പോഴുള്ള ഡിസൈൻ മാറ്റി ഉയരവും ഭംഗിയും കൂട്ടി പുതിയ ഡിസൈൻ നൽകി
 പുതിയ ഡിസൈനിൽ സാങ്കേതിക പിഴവുണ്ടെന്ന് കരാറുകാർ
 മറ്റൊന്ന് കരാർ കമ്പനി തയ്യാറാക്കി നൽകിയെങ്കിലും സ്വീകരിച്ചില്ല.
 പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈനിൽ ജോലി ചെയ്യണമെന്ന് സർക്കാർ
.