കരുനാഗപ്പള്ളി: സി.ഡി.എസ് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും എൽ.ഡി.എഫിന് ഉജ്വല വിജയം. ആറ് ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. 20 വർഷമായി യു.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള ക്ലാപ്പന ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് ഭരിക്കുന്ന ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലും എൽ.ഡി.എഫ് വിജയിച്ചു. കരുനാഗപ്പള്ളി നഗരസഭയിൽ 35 ഡിവിഷനുകളിൽ 25 സീറ്റുകൾ എൽ.ഡി.എഫിന് ലഭിച്ചു. ഷീബയെ ചെയർപേഴ്സണായും ബിന്ദുവിനെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു. തൊടിയൂരിൽ 23 വാർഡുകളിൽ 19 എണ്ണത്തിൽ എൽ.ഡി.എഫ് വിജയിച്ചു. കലയെ ചെയർപേഴ്സണായും ബിന്ദുവിനെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു. കുലശേഖരപുരത്ത് 23 വാർഡിൽ 20 ഇടത്തും എൽ.ഡി.എഫ് വിജയിച്ചു. ഡി. ലതികാദേവി ചെയർപേഴ്സണായും പി. കൈരളി വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു.
ക്ലാപ്പന പഞ്ചായത്തിൽ 15 വാർഡിൽ 9 ഇടത്തും എൽ.ഡി.എഫ് വിജയിച്ചു. ചെയർപേഴ്സനായി സീനത്തിനെയും വൈസ് ചെയർപേഴ്സണായി രജനി രാജീവനെയും തിരഞ്ഞെടുത്തു. ആലപ്പാട് പഞ്ചായത്തിൽ 16 വാർഡുകളിൽ പത്തിടത്തും എൽ.ഡി.എഫ് വിജയിച്ചു. ജയശ്രീയെ ചെയർപേഴ്സണായും അജിയെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു. തഴവയിൽ 22 വാർഡുകളിൽ 15 ഇടത്ത് എൽ.ഡി.എഫ് വിജയിച്ചു. ചെയർപേഴ്സണായി ലതയെയും വൈസ് ചെയർപേഴ്സണായി ശോഭയെയും തിരഞ്ഞെടുത്തു.