 
കൊല്ലം: ഡൽഹിയിൽ ഇന്ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കൊല്ലത്തുനിന്നുള്ള രണ്ടു മിടുക്കൻമാർ പങ്കെടുക്കും. വെണ്ടർമുക്ക് അഖിലം വീട്ടിൽ സി. സെൽവരാജൻ, ശുഭ ദമ്പതികളുടെ മകൻ അഖിൽ എസ്. രാജ് (20), ഓച്ചിറ മുല്ലയ്ക്കൽ ഹൗസിൽ അബ്ദുൽ ലത്തീഫ് ഹസീന ദമ്പതികളുടെ മകൻ അജ്മൽ(19) എന്നിവരാണ് പരേഡിൽ പങ്കെടുക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നു നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി പങ്കെടുപ്പിക്കുന്ന 144 വിദ്യാർത്ഥികൾക്കൊപ്പമാണ് ഇവർക്ക് പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. സംസ്ഥാനത്ത് നിന്ന് എട്ട് വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പരേഡ്, അഭിമുഖം, കലാപ്രാവീണ്യം എന്നിവയിൽ മികവ് തെളിയിച്ചതിനെ തുടർന്നുള്ള അന്തിമപട്ടികയിൽ ഇടം നേടിയ ഇവർ ഡിസംബർ 31ന് ഡൽഹിയിൽ എത്തുകയും ചെയ്തു. പരേഡിന് ശേഷം രാഷ്ട്രപതിയുടെയും പ്രധാനമന്ത്റിയുടെയും ചായസത്കാരത്തിലും പങ്കെടുക്കും.
അഖിൽ എസ്. രാജ് ചാത്തന്നൂർ എസ്.എൻ കോളേജ് ബികോം മൂന്നാം വർഷ വിദ്യാർത്ഥിയും, അജ്മൽ കായംകുളം എം.എസ്.എം കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിയുമാണ്.