 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരത്തെ രണ്ടായി വിഭജിക്കുന്ന വാൾ എലിവേറ്റഡ് ഹൈവേക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ടൗണിൽ ഫ്ളൈ ഓവർ നിർമ്മിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് കരുനാഗപ്പള്ളിയിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നത്. ഇതോടെ നൂറ്റാണ്ടുകളുടെ പെരുമ പേറുന്ന കരുനാഗപ്പള്ളി നഗരം എന്നന്നേക്കുമായി ഇല്ലാതാകും. ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യ പുറത്തുവിട്ട ഡി.പി.ആറിൽ റീച്ച് നമ്പർ മൂന്നിലാണ് കരുനാഗപ്പള്ളി നഗരം വരുന്നത്.
റീച്ച് നമ്പർ മൂന്ന് കായംകുളം കൊറ്റുകുളങ്ങരയിൽ നിന്ന് ആരംഭിച്ച് ചെങ്കോട്ടുകോണത്ത് അവസാനിക്കും. ഇതിന്റെ സബ് റീച്ച് കായംകുളത്ത് നിന്ന് ആരംഭിച്ച് കാവനാട് ബൈപ്പാസിൽ അവസാനിക്കും. ഈ സബ് റീച്ചിന്റെ പരിധിയിലാണ് കരുനാഗപ്പള്ളി ടൗണിന്റെ സ്ഥാനം.
കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുൻ വശത്തുനിന്ന് ആരംഭിക്കുന എലിവേറ്റഡ് ഹൈവേ ലാലാജി ജംഗ്ഷന് വടക്ക് അവസാനിക്കും. എലിവേറ്റഡ് ഹൈവേയുടെ മദ്ധ്യഭാഗം വരുന്നത് മിനി സിവിൽ സ്റ്റേഷന് മുൻവശത്താണ്.
ഇവിടെ എലിവേറ്റഡ് ഹൈവേയുടെ ഉയരം 5.30 മീറ്ററാണ്. ഇവിടെ മാത്രമാണ് ടൗണിലെ ഇരു വശങ്ങളെയും ബന്ധിപ്പിക്കുന്ന കവാടമുള്ളത്. കെ.എസ്.ആർ.ടി സിയുടെ സമീപത്തു പോലും വാഹനങ്ങൾക്ക് മറുവശത്തേക്ക് കടക്കാൻ സംവിധാനമില്ല. ഇത് യാത്രാക്കാരെയും ഏറെ ബുദ്ധിമുട്ടിക്കും.
നഗരത്തെ രണ്ടായി വിഭജിക്കും
1. എലിവേറ്റഡ് ഹൈവേയുടെ ഇരുവശങ്ങളിലും സർവീസ് റോഡുകൾ നിർമ്മിക്കുന്നതോടെ ഓട്ടോ - ടാക്സി സ്റ്റാൻഡുകളും മാറ്റേണ്ടി വരും
2. നൂറുകണക്കിന് ഡ്രൈവർമാരുടെ കുടുംബങ്ങൾ ഇതോടെ വഴിയാധാരമാകും
3. പുതിയ സ്റ്റാൻഡിനുള്ള സ്ഥല സൗകര്യം മുനിസിപ്പാലിറ്റി കണ്ടെത്തണം
4. നിർമ്മാണം പൂർത്തിയാകുന്നതോടെ നഗരം രണ്ടായി വിഭജിക്കപ്പെടും
5. നഗരത്തെ മതിൽ കെട്ടി തിരിക്കുന്നത് വ്യാപാര സ്ഥാപനങ്ങളെയും പബ്ളിക്ക് മാർക്കറ്റിനെയും ബാധിക്കും
ദൈർഘ്യം: 471 മീറ്റർ
യാത്രക്കാരെയും ബുദ്ധിമുട്ടിക്കും
പുതിയ ഹൈവേ പ്രവർത്തന സജ്ജമാകുന്നതോടെ ദേശീയപാതയുടെ കിഴക്ക് ഭാഗത്തും മാർക്കറ്റിലേക്കും പോകേണ്ടവർ മിനി സിവിൽ സ്റ്റേഷന് മുന്നിലുള്ള കവാടത്തിലൂടെ കടക്കേണ്ടി വരും. ഇത് കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിക്കും. കൊല്ലം ഭാഗത്ത് നിന്ന് കായംകുളം ഭാഗത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മിനി സിവിൽ സ്റ്റേഷന് മുന്നിലുള്ള കവാടത്തിലൂടെ തെക്ക് ഭാഗത്തേക്ക് തിരിഞ്ഞ് മുന്നോട്ട് ഓടി വേണം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രവേശിക്കാൻ. ഡിപ്പോയിൽ നിന്ന് ബസുകൾ തൊക്കോട്ട് പോയി ലാലാജി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് വേണം കായംകുളം ഭാഗത്തേക്ക് പോകാൻ.
""
നിലവിൽ ദേശീയപാതയുടെ ഇരുവശങ്ങളിലുമായാണ് വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്. എലിവേറ്റഡ് ഹൈവേ വരുന്നതോടെ നഗരം രണ്ടായി വിഭജിക്കും. ഇത് നഗരത്തിലെ വ്യവസായം തകർക്കും.
വ്യാപാരികൾ
""
നാലുവർഷം മുമ്പാണ് നാഷണൽ ഹൈവേ അതേറിറ്റി ഒഫ് ഇന്ത്യ പുതിയ ദേശീയപാതയുടെ ഡി.പി.ആർ പുറത്തുവിട്ടത്. ഇപ്പോൾ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇനി ഡി.പി.ആറിൽ മാറ്റം വരുത്തണമെങ്കിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി തീരുമാനമെടുക്കേണ്ടി വരും.
സാങ്കേതിക വിദഗ്ദ്ധർ