cattle
തേവള്ളി കൊട്ടാരം

കൊല്ലം: കൊല്ലത്തിന്റെ വാസ്തുവിദ്യാവിസ്മയമായ തേവള്ളി കൊട്ടാരം പൈതൃക മ്യൂസിയമാക്കുന്നു. ഇതിന്റെ ഭാഗമായി ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ ഒഴിയാൻ ജില്ലാ കളക്ടർ നോട്ടീസ് നൽകി. എൻ.സി.സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഓഫീസർ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എൻജിനീയർ, മിലിറ്ററി കാന്റീൻ മാനേജർ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ, ജില്ലാ ഡ്രഗ് വെയർ ഹൗസ് മാനേജർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. കൊട്ടാരം പൈതൃക കെട്ടിട വിഭാഗത്തിൽ ഉൾപ്പെടുത്തി മ്യൂസിയമായി നിലനിർത്തണമെന്ന സാംസ്കാരിക വകുപ്പിന്റെ നിർദേശത്തിന്റെയും തഹസിൽദാരുടെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊട്ടാരം ഏറ്റെടുത്ത് മ്യൂസിയമാക്കാനുളള നീക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ചിരുന്നു.

കൊല്ലം നഗരത്തിലെ പ്രാചീന ചരിത്ര ശേഷിപ്പുകളിൽ ഇന്നും പൂർണ്ണ പ്രൗഢിയോടെ നിൽക്കുന്ന തേവളളി കൊട്ടാരം സംരക്ഷിക്കാൻ ശ്രമം നടന്നെങ്കിലും ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ തടസമായി. കൊട്ടാരം പൈത്യക മ്യൂസിയമാക്കണമെന്ന എം.മുകേഷ് എം. എൽ. എ യുടെ ശക്തമായ നിലപാടാണ് പുതിയ നീക്കത്തിന് പ്രേരണയായത്. അടുത്തിയിടെ പളളിത്തോട്ടത്ത് സർക്കാർ ഏറ്റെടുത്ത ഹാരിസൺ ഭൂമിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ച് കൊട്ടാരത്തിലെ ഓഫീസുകളും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ, താലൂക്ക് ഓഫീസുകളും ഇവിടേക്ക് മാറ്റണമെന്ന നിർദേശവും എം.എൽ.എ മുന്നോട്ടുവച്ചിരുന്നു. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ചിതലരിക്കുന്ന ചരിത്രം എന്ന പരമ്പരയാണ് കൊട്ടാരം പൈത്യക മ്യൂസിയമാക്കണമെന്ന ആവശ്യം വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടു വന്നത്.

ശാപമോക്ഷത്തിന്

കാത്തിരിപ്പ്

തിരുവിതാംകൂർ രാജാക്കന്മാർക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനാണ് തേവള്ളി കൊട്ടാരം പണികഴിപ്പിച്ചത്.

ഗൗരി പാർവതി ബായിയായിരുന്നു നിർമ്മാണഘട്ടത്തിൽ തിരുവിതാംകൂർ ഭരണാധികാരി. വിനോദസഞ്ചാരവകുപ്പിന്റേത് ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ കൊല്ലത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കൊട്ടാരം ഇടം നേടിയിട്ടുണ്ടെങ്കിലും എൻ.സി.സി ജില്ലാ ഹെഡ്ക്വാർട്ടേഴ്സും പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടവിഭാഗം ഓഫീസും പ്രവർത്തിക്കാനുള്ള സ്ഥലം മാത്രമായി കൊട്ടാരം ചുരുങ്ങി.

 വാസ്തു വിദ്യാവിസ്മയമെന്ന് വിശേഷണം

 ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ് വാസ്തുശില്പത്തിന്റെ സ്വാധീനം

 ചുണ്ണാമ്പുകല്ലും ചെങ്കല്ലുംപ്രധാന നിർമ്മാണസാമഗ്രികൾ

 അന്തപ്പുരം, ഊട്ടുപുര, വാദ്യമണ്ഡപം, കായൽക്കടവിലേയ്ക്ക് പടവുകൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിർമ്മാണങ്ങൾ

 കൊട്ടാരത്തിനുള്ളിൽ ശാസ്താക്ഷേത്രവും.

 1811ൽ നിർമ്മാണം ആരംഭിച്ചു, 1819ൽ പൂർത്തിയായി

 203 വർഷത്തെ പഴക്കം

എല്ലാ ജില്ലകളിലും ഒരു പൈത്യക മ്യൂസിയം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് തേവളളി കൊട്ടാരം പൈത്യ സ്മാരകമാക്കുന്നത്. കൊല്ലത്തിന്റെ അഭിമാന സ്തംഭമായി കൊട്ടാരം നിലനിർത്തും.

എം. മുകേഷ്

എം.എൽ.എ