കൊല്ലം: കൊട്ടാരക്കര - ഓയൂർ റോഡിൽ ഓടനാവട്ടം ചുങ്കത്തറ പാലം അപകടാവസ്ഥയിൽ. സംരക്ഷണ ഭിത്തികളുടെ കൽക്കെട്ടും കൈവരികളും തകർന്ന പാലം കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങുമ്പോഴും അധികൃതരുടെ ശ്രദ്ധ പതിയുന്നില്ല.
ഓടനാവട്ടത്തിനും നെല്ലിക്കുന്നത്തിനും ഇടയിലായി ചുങ്കത്തറ ജംഗ്ഷന് സമീപത്താണ് പാലം സ്ഥിതി ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കുള്ള റോഡാണിത്. തോടിന് കുറുകെ അര നൂറ്റാണ്ട് മുമ്പ് നിർമ്മിച്ച പാലത്തിന് കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഒട്ടുമിക്ക പാലങ്ങൾക്കും അടുത്തിടെ സൗന്ദര്യവത്കരണം നടത്തിയിരുന്നു. അപ്പോഴും ചുങ്കത്തറ പാലം തഴയപ്പെട്ടു.
അറ്റകുറ്റപ്പണിയില്ല, പാലം തകർച്ചയിൽ
1. പാലത്തിന്റെ കൈവരികൾ ദ്രവിച്ച് അടർന്നുപോയ നിലയിൽ
2. കൽക്കെട്ടുകളും തകർച്ചയുടെ വക്കിൽ
3. കുറ്റിക്കാട് മൂടിയതിനാൽ ശോച്യാവസ്ഥ ഒറ്റ നോട്ടത്തിൽ വ്യക്തമാവില്ല
4. പാലത്തോട് ചേർന്ന് ഉയരത്തിലുള്ള കൽക്കെട്ട് തകർന്നിട്ട് വർഷങ്ങൾ
5. പാലത്തിന്റെ അടിസ്ഥാനത്തോട് ചേരുന്ന ഭാഗം ഇടിഞ്ഞുതള്ളിയ നിലയിൽ
6. കുത്തൊഴുക്കുണ്ടായാൽ ശേഷിക്കുന്ന ഭാഗം കൂടി ഇടിയും
പാലത്തിന്റെ പഴക്കം: 50 വർഷം
കലുങ്ക് നിർമ്മാണം തകൃതി, പാലം അവഗണനയിൽ
കൊട്ടാരക്കര - ഓയൂർ റോഡിൽ കൊട്ടാരക്കര മുതൽ വെളിയം കോളനിക്ക് സമീപത്തുവരെയുള്ള പത്ത് കിലോമീറ്റർ ദൂരത്തിൽ അഞ്ചുകോടി രൂപയുടെ നവീകരണ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കൊട്ടാരക്കര ഗാന്ധിമുക്ക്, തൃക്കണ്ണമംഗൽ, നെല്ലിക്കുന്നം കാഷ്യു ഫാക്ടറിക്ക് സമീപം, ഓടനാവട്ടം ജംഗ്ഷൻ, പരുത്തിയറ എൽ.പി സ്കൂളിന് സമീപം എന്നിവിടങ്ങളിലാണ് പുനർനിർമ്മാണം അവസാന ഘട്ടത്തിലെത്തിയത്. ഓടനാവട്ടത്തെ കലുങ്ക് അടുത്തിടെ പുനർ നിർമ്മിച്ചതിനാൽ അറ്റകുറ്റപ്പണികൾ മാത്രം നടത്താനാണ് തീരുമാനം. എന്നാൽ ചുങ്കത്തറ പാലത്തിന്റെ നവീകരണത്തിന് പദ്ധതിയായില്ല.
""
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് കുലുക്കം ഉണ്ടാകുന്നുണ്ട്. ടോറസ് ലോറികൾ കടന്നുപോകുമ്പോൾ നാട്ടുകാർ ഭീതിയോടെയാണ് നോക്കുന്നത്. എന്നിട്ടും അധികൃതർ അവഗണന തുടരുകയാണ്.
നാട്ടുകാർ