nurse

കൊല്ലം: കൊവിഡ് ഡ്യൂട്ടിയുടെ പേരിൽ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതായി ആക്ഷേപം. കൊവിഡ് ഡ്യൂട്ടിക്ക് ശേഷം അസ്വസ്ഥതകളോ മറ്റോ ഉണ്ടായാൽ ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ ഉൾപ്പെടെയുള്ളവയും ഗൃഹ നിരീക്ഷണവും സ്വന്തം ഉത്തരവാദിത്വത്തിൽ നടത്താനാണ് ആശുപത്രി മാനേജ്‌മെന്റുകൾ നഴ്‌സുമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

രോഗം സ്ഥിരീകരിക്കുന്നവർക്ക് പകരമായി നിലവിലുള്ളവർ തന്നെ അധിക ഡ്യുട്ടിയെടുക്കേണ്ട അവസ്ഥയാണുള്ളത്. സ്വന്തം നിലയിൽ ആശുപത്രികൾ നടത്തുന്ന കൊവിഡ് ടെസ്റ്റുകളിൽ രോഗം സ്ഥിരീകരിക്കുന്ന വിവരം ജീവനക്കാരിൽ നിന്ന് മറച്ചുവയ്ക്കുന്നതായും ആക്ഷേപമുണ്ട്.

മൂന്ന് ഷിഫ്ടുകളായാണ് നഴ്‌സുമാർക്ക് ജോലി ചെയ്യുന്നത്. രാത്രി 12 മണിക്കൂറും പകൽ ആറുമണിക്കൂർ വീതമുള്ള രണ്ട് ഷിഫ്ടുകളുമാണ് നിലവിലുള്ളത്. 2018ൽ നഴ്‌സുമാർക്ക് ശമ്പള പരിഷ്കരണം നിലവിൽ വന്നതോടെ കിടക്കകളുടെ എണ്ണം കുറച്ചുകാണിച്ച് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നടപടികളിലേക്ക് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ കടന്നിരുന്നു. ജീവനക്കാരുടെ എണ്ണം കുറച്ചതോടെ ജോലിഭാരം വർദ്ധിച്ചെങ്കിലും ശമ്പള വർദ്ധനവുണ്ടായതിനെ തുടർന്ന് പലരും പരാതിപ്പെട്ടിരുന്നില്ല.

കൊവിഡ് രണ്ടാം തരംഗത്തിൽ ആശുപത്രി കിടക്കകൾ നിറഞ്ഞതോടെ താത്കാലിക ജീവനക്കാരെ നിയോഗിക്കുന്നതിൽ സ്വകാര്യആശുപത്രികൾ മടികാണിച്ചിരുന്നില്ല. എന്നാലിപ്പോൾ അധിക ജീവനക്കാരെ നിയോഗിക്കുന്നില്ലെന്ന് മാത്രമല്ല,​ രോഗം സ്ഥിരീകരിച്ച ജീവനക്കാർക്ക് അവധി നൽകുന്നുമില്ല. തുടർച്ചയായി മൂന്ന് ഷിഫ്ടുകൾ ജോലിചെയ്യേണ്ട സാഹചര്യവും പല സ്വകാര്യ ആശുപത്രികളിലും നിലവിലുണ്ട്.


ജീവനക്കാർ കുറവ്,​ ഡ്യൂട്ടി 24 മണിക്കൂർ

1. സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കൊവിഡ് പ്രതിരോധത്തിനും രോഗികൾക്കുമായി മാറ്റിവയ്ക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

2. എത്ര ജീവനക്കാർ വേണമെന്നോ അവരുടെ സുരക്ഷയിൽ ആശുപത്രി എന്തൊക്കെ ക്രമീകരണം ഏർപ്പെടുത്തണമെന്നോ കാര്യത്തിൽ,​ കൃത്യമായ നിർദ്ദേശമില്ല

3. തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായാൽ പാലിക്കേണ്ട മാനദണ്ഡങ്ങളിലും വ്യക്തതയില്ല

4. 150 കിടക്കയുള്ള ആശുപത്രിയിൽ 100 കിടക്കകൾ മാത്രമാണുള്ളതെന്നാണ് ആരോഗ്യവകുപ്പിന് നൽകിയിരിക്കുന്ന റിപ്പോർട്ട്

5. ഇത്തരത്തിൽ മാറ്റിവയ്ക്കുന്ന 50 കിടക്കകളിലെ രോഗികളെയും കൊവിഡ് രോഗികളെയും പരിചരിക്കേണ്ടിവരുമ്പോൾ രോഗവ്യാപന സാദ്ധ്യത വർദ്ധിക്കും

""

അധികജോലിക്ക് അധിക വേതനമില്ല. രോഗം സ്ഥിരീകരിച്ച് അവധിയെടുത്താൽ വേതനവും കുറയ്ക്കും. തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യണ്ട അവസ്ഥയാണുള്ളത്.

നഴ്സുമാർ