
കൊല്ലം: ഫുട്‍ബോർഡിൽ നിന്ന് യാത്രചെയ്യരുതെന്ന് വിലക്കിയ സ്വകാര്യ ബസ് കണ്ടക്ടറുടെ തല യുവാക്കൾ അടിച്ചുപൊട്ടിച്ചു. സംഭവത്തിൽ പട്ടത്താനം പോളയത്തോട് നാഷണൽ നഗർ വയലിൽ തോപ്പിൽ അരുൺദാസ് (31), മയ്യനാട് താന്നി സുനാമി കോളനിയിൽ സാഗര തീരത്തിൽ സാജൻ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊട്ടിയത്ത് നിന്ന് സർവീസ് ആരംഭിച്ച സ്വകാര്യ ബസിന്റെ മുൻവശത്തെ ഫുട്‍ബോർഡിൽ നിന്ന യുവാക്കളോട് മുകളിലേക്ക് കയറി നിൽക്കാൻ ആവശ്യപ്പെട്ട ബസ് കണ്ടക്ടർ ലാലുമോനെയാണ് ആക്രമിച്ചത്. വാക്കേറ്റത്തിനിടെ ബസിലുണ്ടായിരുന്ന ജാക്കി ലിവർ ഉയോഗിച്ച് കണ്ടക്ടറുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
തലയ്ക്കും മുഖത്തും ഗുരുതരമായി മുറിവേറ്റ ലാലുമൊനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയം സബ് ഇൻസ്‌പെക്ടർമാരായ സുജിത്ത്.ജി. നായർ, ഷിഹാസ്, റെനോക്‌സ്, എ.എസ്.ഐ സുനിൽകുമാർ, ഫിറോസ്ഖാൻ എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. വധശ്രമത്തിന് കേസെടുത്ത ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.