 
കൊല്ലം: ഭാവിതലമുറയെ കണ്ടുള്ള വികസന കാഴ്ചപ്പാടാണ് സർക്കാരിന്റേതെന്നും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകുകയായിരുന്നു മന്ത്റി. അനാവശ്യ ഭീതിയും തെറ്റിദ്ധാരണയും പരത്തി വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം. സമൂഹത്തിലെ ഏറ്റവും ദരിദ്റരായവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പ്രാഥമിക ലക്ഷ്യം. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യമാക്കുന്നതിൽ രാജ്യത്തിന് മാതൃകയാകാൻ കഴിഞ്ഞ സംസ്ഥാനമാണ് നമ്മുടേത്. ഭിന്നിപ്പിന്റെ ആശയങ്ങളും വെറുപ്പിന്റെ സന്ദേശവും പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുകയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മാനവികതയുടേയും സന്ദേശം ഉയർത്തിപ്പിടിക്കുകയും വേണമെന്നും മന്ത്റി സന്ദേശത്തിലൂടെ പറഞ്ഞു.
എം. നൗഷാദ് എം.എൽ.എ, ജില്ലാ കളക്ടർ അഫ്‌സാന പർവീൺ, മേയർ പ്രസന്ന ഏണസ്റ്റ്, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, റൂറൽ എസ്.പി. കെ.ബി. രവി, അസിസ്റ്റന്റ് കളക്ടർ അരുൺ എസ്. നായർ, എ.ഡി.എം എൻ.സാജിതാബീഗം, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, ലൈബ്രറി കൗൺസിൽ ജില്ലാ അദ്ധ്യക്ഷൻ ഡി. സുകേശൻ, ക്രൈം റെക്കാഡ്‌സ് ബ്യൂറോ എ.സി.പി എ. പ്രതീപ് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി നാസറുദ്ദീൻ, അഡിഷണൽ എസ്.പി. ജോസി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ പ്ളാറ്റൂണുകൾക്ക് എസ്.ഐമാരായ എ. നിസാർ, ഡാനിയൽ, ഷാജി, കെ.എസ്. ധന്യ, മഞ്ജു വി. നായർ, എക്‌സൈസ് ഇൻസ്‌പെക്ടർ പ്രസന്നൻ തുടങ്ങിയവർ നേതൃത്വം നൽകി. എസ്.പി.സി കേഡറ്റുകളുടെ പ്ലാറ്റൂണും പരേഡിൽ പങ്കെടുത്തു.