 
കൊല്ലം: മൺറോതുരത്തിൽ പനമ്പിൽ തോടിന് കുറുകെ പട്ടംതുരുത്ത് ഈസ്റ്റ്, നെന്മേനി തെക്ക്, കൺട്രാംകാണി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലുവിള പാലം തകർന്നു. ബുധനാഴ്ച രാത്രി 7.30 ഓടെ ബൈക്ക് കടന്നുപോകുന്നതിനിടെ പാലം തോട്ടിലേക്ക് പതിക്കുകയായിരുന്നു.
തകർന്ന പാലത്തിനൊപ്പം തോട്ടിലേക്ക് ബൈക്കും വീണു. ബൈക്ക് ഓടിച്ചിരുന്ന നെന്മേനി തെക്ക് ചെറുകാട്ടിൽ വീട്ടിൽ അഭിഷേക്(25) തോട്ടിൽ വീണെങ്കിലും കാര്യമായ പരിക്കില്ല. അഭിഷേകിന്റെ മൊബൈൽഫോൺ തോട്ടിൽ നഷ്ടമായി. പാലത്തിലൂടെ അക്കര, ഇക്കരെ പോയിരുന്നവർ ഇപ്പോൾ 300 മീറ്റർ ചുറ്റിത്തിരിയേണ്ട അവസ്ഥയാണ്.
11 മീറ്റർ നീളവും രണ്ടേകാൽ മീറ്റർ വീതിയും ഉളളതായിരുന്നു കല്ലുവിള പാലം. വീതിയും ബലവും കുറവായതിനാൽ ഇരുക്രവാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നുപോയിരുന്നത്. 25 വർഷം മുമ്പാണ് ഈ പാലം പണിഞ്ഞത്. പാലത്തിന്റെ കോൺക്രീറ്റ് പാളികൾ തകർന്നത് വർഷങ്ങൾക്ക് മുമ്പേ പ്രദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പുതിയ പാലത്തിനുള്ള നടപടികൾ ഒന്നുമുണ്ടായില്ല. എന്നാൽ, പാലം തകർന്നതോടെ ഇന്നലെ പഞ്ചായത്ത് പുതിയ പാലത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പാലം നിർമ്മിക്കാനാണ് ആലോചന.