 
 തെന്മല ഡാം കവല ഇരുട്ടിൽ
പുനലൂർ: അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്ന തെന്മല ഡാം കവല കൂരിരുട്ടിലായിട്ട് ഒരുവർഷം പിന്നിടുന്നു. ലോറി ഇടിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് നശിച്ചത്. ലൈറ്റ് പുനഃസ്ഥാപിക്കാൻ അധികൃതർ ഇതുവരെ മെനക്കെട്ടിട്ടില്ല.
തെന്മല അണക്കെട്ടും ഇക്കോ ടൂറിസം മേഖലയും സ്ഥിതി ചെയ്യുന്ന ഡാം കവല സന്ധ്യമയങ്ങിയാൽ കൂരിരുട്ടിലാകും. സ്ഥലം എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന കെ. രാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
വിനോദ സഞ്ചാരികൾക്ക് പുറമേ രണ്ട് ലേബർ കോളനികളിൽ നിന്നുള്ള താമസക്കാർ എത്തുന്ന പ്രധാന ജംഗ്ഷൻ കൂടിയാണ് ഇവിടം. ചെങ്കോട്ട - തിരുവനന്തപുരം പാതയും, ചെങ്കോട്ട - പുനലൂർ പാതയും ബന്ധിക്കുന്ന പ്രധാന ജംഗ്ഷനോടാണ് അധികൃതരുടെ അവഗണന.
ലൈറ്റ് നന്നാക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും നടപടികൾ നീണ്ടുപോവുകയാണ്.