 
കൊല്ലം: കൊവിഡ് അതിവ്യാപന സാഹചര്യത്തിൽ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഔദ്യോഗിക ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ജില്ലയിലെ ആശുപത്രികളിൽ കിടത്തി ചികിത്സയിലുള്ള ആകെ രോഗികളുടെ 27.8 ശതമാനവും കൊവിഡ് ബാധിതരാണ്. ഇത് 25 ശതമാനം കടക്കുമ്പോഴാണ് സി കാറ്റഗറി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. സി കാറ്റഗറിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിക്കഴിഞ്ഞു.
സി കാറ്റഗറിയിൽ ഉൾപ്പെടുന്നതോടെ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത, സാമുദായിക, പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്താം. വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ. സിനിമാ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനവും അനുവദിക്കില്ല.
ചികിത്സാ വിവരങ്ങൾ അറിയിക്കണം
1. സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളുടെ സമ്പൂർണ വിവരം ലഭ്യമാക്കണം
2. കിടക്കകളുടെ എണ്ണം ഓരോ ദിവസവും അറിയിക്കണം
3. കൊവിഡ് - ഇതര രോഗികളുടെ വിവരം പ്രത്യേകമായാണ് ഉൾപ്പെടുത്തേണ്ടത്
4. അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രികളിലെ വിവരവും പ്രസവ വാർഡുകളിലെ സ്ഥിതിയും ഉൾപ്പെടുത്തണം
5. ചികിത്സയിലുള്ളവരുടെയും പ്രവേശിപ്പിച്ചവരുടെയും എണ്ണം രേഖപ്പെടുത്തണം
6. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കളക്ടറുടെ കർശന നടപടി
ഇന്നലെ രോഗികൾ 4511
ജില്ലയിൽ ഇന്നലെ 4511 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ സി.എസ്.എൽ.ടി.സിയിൽ 28 പേരും വാളകം സി.എഫ്.എൽ.ടി.സിയിൽ 49 പേരും ചികിത്സയിലുണ്ട്. 40.33 ശതമാനമാണ് ജില്ലയിലെ ടി.പി.ആർ നിരക്ക്. ജില്ലയിൽ ഇന്നലെ കൂടുതൽ കൊവിഡ് ക്ലസ്റ്ററുകളും രൂപപ്പെട്ടു. ആരോഗ്യ പ്രവർത്തകർക്കും ഇതിലുൾപ്പെടും.
കൊവിഡ് ആശുപത്രികൾ കൂട്ടി
നീണ്ടകര, നെടുങ്ങോലം താലൂക്ക് ആശുപത്രി, വിളക്കുടി ലിറ്റിൽ ഫ്ലവർ, തഴവ അഭയകേന്ദ്രം എന്നിവിടങ്ങൾ കൊവിഡ് ആശുപത്രികളാക്കി മാറ്റി. കൊവിഡ് ബ്രിഗേഡിലേക്ക് ശുചീകരണ തൊഴിലാളികൾ മുതൽ ഡോക്ടർമാർ വരെയുള്ളവരെ ഉടൻ നിയമിക്കും. ഇവർ എത്തിയാലുടൻ ജില്ലാ ആശുപത്രിയിൽ ഐ.സി.യു കിടക്കകളുടെ എണ്ണം കൂട്ടും.
""
കൊവിഡ് അതിവ്യാപനം രൂക്ഷമായതിനാൽ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കിടത്തി ചികിത്സാ വിവരം കൊവിഡ് ജാഗ്രതാ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
അഫ്‌സാന പർവീൺ
ജില്ലാ കളക്ടർ