ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി സ്വദേശി അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ മൈനാഗപ്പള്ളി ട്രാൻസ്ഫോമർ ജംഗ്ഷന് സമീപം ചാങ്ങയിൽ വീട്ടിൽ ചിക്കു എന്നു വിളിക്കുന്ന അജ്മൽ (26), കല്ലേലിഭാഗം മുഴങ്ങോടി ശ്രീനിലയത്തിൽ ശങ്കർ (18), തൊടിയൂർ വേങ്ങറ നാസില മൻസിലിൽ നബീദ് (27), വടക്കൻ മൈനാഗപ്പള്ളി ഉമ്പോണ്ടിൽ തടവിള വീട്ടിൽ അനീഷ് (30) എന്നിവരാണ് പിടിയിലായത്.

നവംബർ 29നാണ് സംഭവം. ബൈക്കിൽ വരികയായിരുന്ന അഭിലാഷിനെ വടക്കൻ മൈനാഗപ്പള്ളി ട്രാൻസ്ഫോമർ ജംഗ്ഷന് സമീപം വച്ച് പ്രതികൾ വാൾകൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് അഭിലാഷ് സമീപത്തെ വീട്ടിലേക്ക് ഓടി കയറിയെങ്കിലും അവിടെ വച്ചും പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് ബംഗളൂരുവിലേക്ക് രക്ഷപെട്ട പ്രതികൾ ഒരു മാസത്തിന് ശേഷം കുമരകത്ത് എത്തി ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ മൊബൈൽ ഫോണുകൾ ഓഫാക്കിയിരുന്നങ്കിലും വാട്സാപ്പ് വഴി ബന്ധം പുലർത്തിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം മനസിലാക്കി പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ മാരായ രാജൻ ബാബു, അനീഷ്, സുരേഷ് കുമാർ, എ.എസ്.ഐമാരായ വിനയൻ, ബിജു, സി.പി.ഒ സൂരജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.