guru

കുട്ടിയായിരിക്കുമ്പോൾ​ തികച്ചും അസാധാരണമായി പെരുമാറുകയും ചുറ്റും നടക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി വീക്ഷിച്ച് പഠിക്കുകയും ചെയ്‌തിരുന്ന ശ്രീനാരായണഗുരുവിന് ബാല്യത്തിൽ ഒരു വിനോദമുണ്ടായിരുന്നു,​ കീഴ്ജാതിക്കാരെ തൊട്ടിട്ട് കുളിക്കാതെ വീട്ടിനുള്ളിൽ കടന്ന്​ മറ്റുള്ളവരെ സ്‌പർശിക്കുക! ജാതിവ്യത്യാസം കൊടികുത്തിവാണിരുന്ന അക്കാലത്ത്​ നിലവിലിരുന്ന രീതികളെ ചോദ്യം ചെയ്യാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അൽപത്തം കാണിച്ചിരുന്ന കൂട്ടുകാരെയോ നാട്ടുകാരെയോ ഉപദേശിക്കാനോ, അവരോട് തർക്കിക്കാനോ, ഗുരു തീരെ താത്‌പര്യം കാണിച്ചില്ല. ആശാന്മാരിൽനിന്നും ലഭിക്കാവുന്ന അറിവുകൾ നേടിയശേഷം പച്ചയായ മനുഷ്യജീവിതം കണ്ടറിയാൻ ഗുരു കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ നടന്നു. രാത്രികാലങ്ങളിൽ തുറസായ സ്ഥലത്ത്​ ആകാശം നോക്കികിടക്കും.

മരുത്വാമലയിലെ തപസും അവധൂത സഞ്ചാരവും കഴിഞ്ഞ്​ ഗുരു അരുവിപ്പുറത്തെത്തുന്നു. അവിടെവച്ച്​ സ്ഥലവാസിയായ പുലിവാതുക്കൽ വേലായുധൻ വൈദ്യനുമായി അങ്കോട്ട് ക്ഷേത്രത്തിലെത്തുന്നു. തീണ്ടപ്പാടകലെ നിറുത്തിയ വൈദ്യന് ദീപാരാധന കണ്ടുതീർന്നപ്പോൾ ഒരു പോറ്റി കുറെ കളഭം കൊണ്ടുവന്ന്​ എറിഞ്ഞുകൊടുത്തപ്പോൾ വൈദ്യൻ അത് മുണ്ട്​ നിവർത്തിപ്പിടിച്ചെടുത്തത്​ ഗുരു നോക്കിനിന്നു. അന്ന്​ തീരുമാനിച്ചതാണ്​ അവർണർക്കും വേണം ഒരു ക്ഷേത്രം എന്ന്. അങ്ങനെ 1888 ലെ മഹാശിവ രാത്രിനാളിൽ അരുവിപ്പുറത്ത്​ ശിവലിംഗപ്രതിഷ്ഠ നടത്തുന്നു. വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ ഗുരു അവർണർക്ക്​ ആരാധനാസ്വാതന്ത്ര്യം നേടിക്കൊടുത്തു. ഒപ്പം, പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്നും, ക്ഷേത്രങ്ങളോടൊപ്പം വിദ്യാലയങ്ങളും തൊഴിൽശാലകളും വായനശാലകളും ഉണ്ടാവണമെന്ന സന്ദേശവും നൽകി.

അരുവിപ്പുറത്തെ ശിവലിംഗപ്രതിഷ്ഠയ്ക്കുശേഷം ഗുരു 47 ഓളം പ്രതിഷ്ഠകൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടത്തി. 39 കൊല്ലം കഴിഞ്ഞ്​, ഭക്തിയും ജ്ഞാനവും ഒന്നിക്കുന്ന കണ്ണാടിപ്രതിഷ്ഠ, ചേർത്തലയിൽ കളവങ്കോടം ക്ഷേത്രത്തിൽ നടത്തി. കൊച്ചിയിലെ പള്ളിപ്പുറത്തിനടുത്ത്​ ചെറായി എന്ന സ്ഥലത്തെ ശ്രീ ഗൗരീശ്വരക്ഷ്രേതത്തിൽ 1912 ജനുവരി 22 ന് ഗുരു, സുബ്രഹ്മണ്യപ്രതിഷ്ഠ നടത്തിയശേഷം, അവിടെനടന്ന മഹാസമ്മേളനത്തിൽവച്ച്​ ഗുരുവിന്​ മംഗളപത്രം ക്ഷേത്രം അധികാരികൾ സമർപ്പിക്കുകയുണ്ടായി. അതിനു ഗുരു പറഞ്ഞ മറുപടി മനസിരുത്തി പഠിക്കേണ്ടതാണ്.

ഗുരു അരുളിചെയ്ത മറുപടി ഇങ്ങനെ: 'സാധുക്കളും വിദ്യാതത്‌പരരുമായ വിദ്യാർത്ഥികളെ കഴിയുന്നത്ര സഹായിച്ച്​ ഇതരദേശങ്ങളിലയച്ച്​ വിദ്യ അഭ്യസിപ്പിക്കണം. ഇപ്പോൾ പ്രധാനമായി പ്രചാരത്തിലിരിക്കുന്ന ഭാഷ ഇംഗ്ലീഷാണ്. അതിനാൽ അതിലേക്കാണ്​ നാം നമ്മുടെ ശ്രദ്ധതിരിക്കേണ്ടത്​. സമുദായത്തിൽ പുരുഷന്മാരോടൊപ്പം സ്ത്രീകൾക്കും വിദ്യാഭ്യാസം നടത്താൻ സാഹചര്യമൊരുക്കണം. സമുദായഅഭിവൃദ്ധിയ്ക്ക്​ വ്യവസായം ആവശ്യമാണ്​. പലർ കൂടിച്ചേർന്ന്​ കമ്പനി ഏർപ്പെടുത്തി ഇപ്രകാരമുള്ള കാര്യങ്ങളിൽ സധൈര്യം പ്രവർത്തിക്കേണ്ടതാണ്​. നമ്മുടെ കുട്ടികളെ വ്യവസായശാലകളിൽ അയച്ച് പഠിപ്പിക്കണം.' 1912 ൽ ശ്രീനാരായണഗുരു പറഞ്ഞ വാക്കുകൾ ആണിവ.

സമൂഹത്തിന്റെ, രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപിനും അഭിവൃദ്ധിക്കുമുള്ള അറിവാണ്​ ഗുരു പകർന്നുനൽകിയത്​. പക്ഷേ ഭാരതത്തിന്റെ നവോത്ഥാന ചരിത്രം എഴുതുന്ന സവർണ ചരിത്രകാരന്മാർക്ക്​ ഗുരു ഇപ്പോഴും അവർണഗുരുവാണ്, ദേശീയഗുരു അല്ലെങ്കിൽ വിശ്വഗുരു എന്ന്​ അംഗീകരിക്കാൻ മടിയാണ്​. അതുകൊണ്ടുതന്നെ ലോകജനതയ്‌ക്ക്​, ജ്ഞാനത്തിന്റെ തികവുകൊണ്ടും, ആത്മതപസിന്റെ പ്രഭാവം കൊണ്ടും ധവളാഭമായ ചൈതന്യം ചൊരിയുന്ന, ആദ്ധ്യാത്മികപ്രഭ പ്രസരിപ്പിക്കുന്ന ശ്രീനാരായണഗുരുവിനെ 'അറിയാനും', അറിയിക്കാനുമുള്ള സംവിധാനം ഉണ്ടാക്കേണ്ടത് പുതുതലമുറയുടെ ധർമ്മമാണ്​, കടമയാണ്​.

റിപ്പബ്ലിക്​ ദിനാഘോഷങ്ങളോടനുബന്ധിച്ച്​ ചിലർ, ശ്രീനാരായണഗുരുവിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ 'ദൈവദശകം' ആദ്യം സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിലും രാജ്യമെമ്പാടുമുള്ള എല്ലാ വിദ്യാലയങ്ങളിലേയും പ്രാർത്ഥനാഗീതമായി അംഗീകരിപ്പിക്കാൻ വേണ്ടതു ചെയ്യുമെന്ന്​ പ്രത്യാശിക്കാം.