photo
സി.ആർ.മഹേഷ്.എം.എൽ.എ

കരുനാഗപ്പള്ളി: നാഷണൽ ഹൈവേയുടെ വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തെ രണ്ടായി വിഭജിക്കുന്ന വാൾ എലിവേറ്റഡ് ഹൈവേക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

കരുനാഗപ്പള്ളി നഗരത്തിന്റെ പൈതൃകം തകർക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഹൈവേ വികസനത്തിന് ആരും എതിരല്ല. എന്നാൽ കരുനാഗപ്പള്ളി നഗരത്തെ രണ്ടായി കീറിമുറിക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ എതിർപ്പ്. വാൾ എലിവേറ്റഡ് ഹൈവേയ്ക്ക് ഫ്ലൈഓവനിനേക്കാൾ പണച്ചെലവ് കുറവാണ്. ഇതിനാലാണ് എലിവേറ്റഡ് ഹൈവേയ്ക്ക് നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ അനുമതി നൽകിയത്.

മൂന്നാം റീച്ചിന്റെ പരിധിയിൽ വരുന്ന കരുനാഗപ്പള്ളി, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ് എലിവേറ്രഡ് ഹൈവേ നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാർ ശക്തമായി ഇടപെട്ടെങ്കിൽ മാത്രമേ നിലവിലുള്ള സംവിധാനത്തിൽ മാറ്റം വരുത്താൻ കഴിയുകയുള്ളൂ.

""

ദേശീയപാത വികസനം അനിവാര്യമാണെങ്കിലും വാൾ എലിവേറ്റഡ് ഹൈവേ കരുനാഗപ്പള്ളി നഗരത്തെ സംബന്ധിച്ച് അശാസ്ത്രീയമാണ്. ഫ്ലൈഓവറാണ് അഭികാമ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കേന്ദ്ര മന്ത്രി എന്നിവർക്ക് നിവേദനം നൽകി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രശ്നം ശ്രദ്ധയിൽ പെടുത്തും.

സി.ആർ. മഹേഷ് എം.എൽ.എ

""

വാൾ എലിവേറ്റഡ് ഹൈവേ ഒഴിവാക്കി ഫ്ലൈഓവർ നിർമ്മിക്കണം. ഇതിന് നഗരസഭയുടെ എല്ലാ പിന്തുണയും ഉണ്ടാകും. ഫ്ലൈഓവർ നിർമ്മിച്ചാൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താനും നഗരത്തെ സൗന്ദര്യ വത്കരിക്കാനുള്ള പദ്ധതികൾ നടപ്പാക്കാനും കഴിയും. നഗരത്തെ വിഭജിക്കുന്നത് വികസനം മുരടിപ്പിക്കും.

കോട്ടയിൽ രാജു, നഗരസഭാ ചെയർമാൻ

""

എലിവേറ്റഡ് ഹൈവേ കരുനാഗപ്പള്ളിയുടെ സാംസ്കാരിക പൈതൃകം പൂർണമായും തകർക്കും. വ്യവസായം വളരണമെങ്കിൽ ഫ്ലൈഓവറാണ് നിർമ്മിക്കേണ്ടത്. വാഹന യാത്രക്കാർക്കും നാട്ടുകാർക്കും യഥേഷ്ടം സഞ്ചരിക്കാൻ ഫ്ലൈഓവറാണ് അഭികാമ്യം. ഇതിനാവശ്യമായ നടപടികൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം.

ഡി.മുരളീധരൻ, പ്രസിഡന്റ്,

യുണൈറ്രഡ് മർച്ചെന്റസ് ചെംബർ,​ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി

""

നഗരത്തിലെ വ്യാപാരം പൂർണമായും തകരും. ടൗണിന്റെ വികസനം മുരടിക്കും, റെയിൽവേ സ്റ്റേഷൻ റോഡ്, മാർക്കറ്റ് റോഡ്, കല്ലുംമൂട്ടിൽ കടവ് റോഡ്, പണിക്കർകടവ് റോഡ്, ആലുംകടവ് റോഡ് എന്നിവയെല്ലാം ദേശീയപാതയുടെ വശങ്ങളിലുള്ള സർവീസ് റോഡുകളുമായി ബന്ധിപ്പിക്കുമ്പോൾ ഇവിടെങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാകും.

കെ.ജെ. മേനോൻ, ജില്ലാ വൈസ് പ്രസിഡന്റ്

വ്യാപാര വ്യവസായി ഏകോപന സമിതി

""

നഗരത്തിൽ ശാസ്ത്രീയ പഠനം നടത്താതെയാണ് എലിവേറ്റഡ് ഹൈവേ നിർമ്മിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ തീരുമാനിച്ചത്. എന്ത് വികസനം നടപ്പാക്കിയാലും ജനങ്ങളുടെ സൗകര്യം കൂടി കണക്കിലെടുക്കണം. പണച്ചെലവ് കുറയ്ക്കുന്നതിന് നാടിനെ രണ്ടായി കീറിമുറിക്കുന്നത് ഒഴിവാക്കണം.

ഷാജഹാൻ രാജധാനി,

ജീവകാരുണ്യ പ്രവർത്തകൻ

""

എലിവേറ്റഡ് ഹൈവേ നഗരത്തിലെ വ്യവസായത്തെ പൂർണമായും തകർക്കും. ഇതോടെ വ്യാപാരികൾ കടക്കെണിയിലാകും. ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് എല്ലാ വ്യപാരികളും കച്ചവടം നടത്തുന്നത്. ബാങ്കിലെ തിരിച്ചടവ് മുടങ്ങിയാൽ പ്രത്യാഘാതം ഗുരുതരമാകും. എലിവേറ്റഡ് ഹൈവേ ഒഴിവാക്കി ഫ്ലൈഓവർ നിർമ്മിക്കുകയാണ് വേണ്ടത്.

ശ്രീജിത്ത് ദേവ്, ട്രഷറർ,

താലൂക്ക് മർച്ചെന്റ്സ് അസോസിയേഷൻ

""

ഞങ്ങൾ ടൗണിനെ ആശ്രയിച്ച് വാഹനം ഓടിച്ചാണ് ജീവിക്കുന്നത്. എലിവേറ്റഡ് ഹൈവേ വരുന്നതോടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. ഇതോടെ ഞങ്ങളുടെ ജീവിതവും കഷ്ടത്തിലാകും. നഗരത്തിൽ ഫ്ലൈ ഓവർ നിർമ്മിക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം.

ബി. ഗോപാലകൃഷ്ണപിള്ള, ഓട്ടോറിക്ഷാ ഡ്രൈവർ