
കൊല്ലം: സായാഹ്നശബ്ദം മാനേജിംഗ് എഡിറ്ററും പ്രമുഖ പരസ്യക്കമ്പനിയായ കൗമുദി ആഡ്സ് ഉടമയുമായ പള്ളിത്തോട്ടം കൗമുദി നഗർ പരമേശ്വറിൽ എസ്. സുഗതൻ (74) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഭൗതികദേഹം പള്ളിത്തോട്ടത്തെ വസതിയിൽ പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. ടി.എം.യശോധര ദേവിയാണ് ഭാര്യ. പരേതനായ സൈജു സുഗതൻ,കേരളകൗമുദി മാനേജിംഗ് എഡിറ്റർ ദിവ്യ സുഗതൻ എന്നിവർ മക്കളാണ്. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയാണ് മരുമകൻ. എസ്. സുമംഗല, കേരളകൗമുദി ഡയറക്ടർ എസ്. ഷൈലജ രവി, എസ്. വിജയലക്ഷ്മി, പരേതരായ എസ്. വിമല, എസ്. മോഹൻ എന്നിവർ സഹോദരങ്ങൾ.
മാദ്ധ്യമ രംഗത്തിനു പുറമേ വാണിജ്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു എസ്. സുഗതൻ. കല്ലുപാലത്തിനു സമീപം പ്രവർത്തിച്ചിരുന്ന കൊല്ലത്തെ പ്രമുഖ സൈക്കിൾ വില്പനശാലയായിരുന്ന സോംസൺ കമ്പനി ഉടമ പരേതനായ സി.എൻ. സോമനാഥന്റെയും പരേതയായ സുശീലയുടെയും ആറു മക്കളിൽ രണ്ടാമനാണ്. കൊല്ലം എസ്.എൻ കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയശേഷം സോംസൺ കമ്പനി നടത്തിപ്പിൽ പങ്കാളിയായി. പിന്നീട് സോംസൺ എന്ന പേരിൽ പരസ്യക്കമ്പനി ആരംഭിച്ചു. എന്നാൽ, മാദ്ധ്യമപ്രവർത്തകനായി മാറണമെന്നായിരുന്നു ആഗ്രഹം. 1991ൽ സായാഹ്നശബ്ദം എന്ന പത്രത്തിന് തുടക്കമിട്ടു.മലയാളികളുടെ വൈകുന്നേരങ്ങൾക്ക് വാർത്തയുടെ ചൂട് സമ്മാനിച്ച സായാഹ്നശബ്ദം അതിവേഗം വളർന്നു.
എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, ചേംബർ ഒഫ് കൊമേഴ്സ് ആദ്യകാല സംഘാടകൻ, റീട്ടെയിൽ മർച്ചന്റ് അസോസിയേഷൻ ആദ്യകാല സെക്രട്ടറി, കൗമുദി നഗർ രക്ഷാധികാരി, കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നഗരത്തിലെ സാംസ്കാരിക പരിപാടികളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ചെറുപ്പകാലത്ത് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുഗതൻ, പ്രേംനസീറുമായി ഉറ്റസൗഹൃദം സൂക്ഷിച്ചിരുന്നു.