chttumala
ചിറ്റുമല ചിറ

 കേരളകൗമുദി ചൂണ്ടിക്കാട്ടി, വരുന്നൂ, ആക്ഷൻ പ്ളാൻ

കൊല്ലം: കിഴക്കേ കല്ലട പഞ്ചായത്തിലെ ചിറ്റുമല ചിറ നവീകരിക്കാനും പാടശേഖരം കൃഷിയോഗ്യമാക്കാനും ടൂറിസം വികസനത്തിനും ആക്ഷൻ പ്ളാൻ വരുന്നു. ആദ്യഘട്ട ചർച്ചകൾക്കായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ അടുത്തയാഴ്ച വിപുലമായ യോഗം ചേരാൻ തീരുമാനിച്ചു.

കൃഷിവകുപ്പ്, ലാൻഡ് ഡെവലപ്പ്മെന്റ് ബോർഡ്, ഫിഷറീസ്, ടൂറിസം, വാട്ടർ അതോറിട്ടി തുടങ്ങിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ചിറ്റുമല ചിറയുടെയും സമീപ പാടശേഖരങ്ങളുടെയും കാർഷിക- ടൂറിസം സാദ്ധ്യതകളെപ്പറ്റി കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പരയാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്. വാർത്ത ശ്രദ്ധയിൽപെട്ട കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു.

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നെൽകൃഷി പുനരുജ്ജീവിപ്പിക്കുന്നത്തിന് വേണ്ട മൂന്നരക്കോടിയുടെ പദ്ധതി തയ്യാറാക്കി മന്ത്രിക്ക് സമർപ്പിച്ചു.

ഇതിനിടെ കുട്ടനാടൻ പാടശേഖര സമിതി പ്രവർത്തകർ പാടശേഖരങ്ങൾ സന്ദർശിച്ച് നെൽകൃഷി പുനരുജ്ജീവിപ്പിക്കാനുളള സാദ്ധ്യതകൾ തേടി. പാടങ്ങൾ കർഷകരിൽ നിന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുള്ള പദ്ധതി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപം നൽകി. മേയിൽ ജോലികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് പാടശേഖര സമിതികൾ. യോഗം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഉമാദേവി അദ്ധ്യക്ഷയായി. തദ്ദേശ സ്ഥാപന പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ടൂറിസത്തിന് കരുത്താകാൻ വയലുകൾ

1. ആക്ഷൻ പ്ളാൻ രൂപീകരണം വിവിധ വകുപ്പുകൾ ചേർന്ന്

2. നെൽകൃഷി പ്രോത്സാഹിപ്പിച്ച് ടൂറിസത്തിന് വഴിയൊരുക്കും

3. 3.50 കോടിയുടെ പദ്ധതികൊണ്ട് പൂർണ പ്രയോജനം ലഭിക്കില്ല

4. പദ്ധതി റിവൈസ് ചെയ്യണം

5. കായലും സമീപ പ്രദേശങ്ങളും സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കണം

6. ജലസ്രോതസുകൾ നിലനിറുത്തി കിഴക്കേ കല്ലടയിലെ ജലക്ഷാമം പരിഹരിക്കണം

7. കായലിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്ന അമ്പിത്തോട് നവീകരണം

""

ചിറ്റുമലയിലെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താൻ വിവിധ വകുപ്പുകളുടെ സംയോജിത പദ്ധതിയാകും നടപ്പാക്കുക. നെൽകൃഷി പ്രോത്സാഹിപ്പിക്കും.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ