 
കൊല്ലം: വിദേശികളുടെയല്ല, സ്വദേശികളായ സഞ്ചാരികളുടെ മാത്രം ടൂറിസ്റ്റ് കേന്ദ്രമായി മൺറോ തുരുത്ത് മാറുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ജലക്കാഴ്ചകൾ കാണാൻ ആളെത്തുന്നതാണ് ചുരുക്കം ചില വള്ളക്കാർക്കെങ്കിലും ആശ്വാസം.നൂറോളം നാടൻ വള്ളങ്ങളും കെട്ടുവള്ളങ്ങളും പെഡൽ ബോട്ടുകളും കുട്ടവള്ളങ്ങളുമാണ് മൺറോത്തുരുത്തിൽ സഞ്ചാരികളെ കാത്തുകിടക്കുന്നത്. കൊവിഡിന് മുമ്പ് വിദേശികളും സ്വദേശികളുമടക്കം എപ്പോഴും സഞ്ചാരികളുടെ തിരക്കായിരുന്നു ഈ തുരുത്തിൽ. 2018-19 സീസണിൽ തുരുത്തിലെ കാഴ്ചകൾ കാണാൻ 79392 വിനോദ സഞ്ചാരികളെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 4312 വിദേശികളുണ്ട്. നാടുമുഴുവൻ ഹോം സ്റ്റേകളും ഹോട്ടലുകളും ഒരുങ്ങിയിരുന്നു. താമസിക്കുന്ന വീടുകളിത്തന്നെ നാട്ടുകാർ സഞ്ചാരികൾക്കുള്ള ഭക്ഷണവും വിശ്രമവും ഒരുക്കി. കാഴ്ചകൾ കാണാൻ മാത്രമല്ല, കൊഞ്ചും കരിമീനും കക്കയിറച്ചിയുമൊക്കെ ആസ്വദിച്ച് കഴിക്കാനും സഞ്ചാരികൾ മത്സരിച്ചു. കായലിൽ നിന്നുപിടിക്കുന്ന പെടക്കണ മീനിന് ഡിമാന്റ് ഏറി. വളർത്തുമത്സ്യങ്ങളും തീൻമേശകളിൽ നിറഞ്ഞു. മൺറോത്തുരുത്തിലെ ഓരോ കുടുംബങ്ങളും പണക്കൊഴുപ്പിന്റെ സുഖാനുഭവങ്ങളിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ, കൊവിഡിന്റെ വരവോടെ എല്ലാം തകിടം മറിഞ്ഞു. ആളും ആരവവുമില്ലാതെയാണ് ഇപ്പോൾ ഇവിടത്തെ ടൂറിസം മേഖല.
വള്ളത്തിലെ
സുഖയാത്ര
കല്ലടയാറ്റിൽ നിന്ന് തുടങ്ങി കൈവഴികളിലേക്ക് തിരിഞ്ഞ് നടപ്പാലങ്ങളിൽ തലമുട്ടാതെ കുനിഞ്ഞും നിവർന്നുമൊക്കെയുള്ള യാത്ര രസാനുഭവമാണ്. കാരൂത്ര കടവിൽ നിന്ന് മണക്കടവിലേക്കുള്ള യാത്രയിൽ പത്തിലധികം നടപ്പാലങ്ങളുണ്ട്. പാലമെത്തുമ്പോൾ തലകുനിച്ചുകൊടുക്കണം. കണ്ടൽ കാടുകൾക്കിടയിലൂടെയാണ് അവസാന ഭാഗം യാത്ര, കണ്ടൽ ഗുഹയും കൗതുകമാണ്. ഫോട്ടോയെടുക്കാൻ ഇവിടെ എപ്പോഴും തിരക്കാണ്. ചെറു തോടുകളിലേക്ക് ചാഞ്ഞും ചരിഞ്ഞുമുള്ള മരച്ചില്ലകളും തെങ്ങോലകളുമൊക്കെ തഴുകിപ്പോകുന്നതും സഞ്ചാരികൾക്ക് ഇഷ്ടമാണ്. കല്ലയാറ്റിൽ വലിയ ബോട്ടുകൾ ഓടുമെങ്കിലും ചെറുതോടുകളിലൂടെ വള്ളങ്ങൾ മാത്രമാണ് പോവുക. അതാണ് കാഴ്ചയ്കും സഞ്ചാരത്തിനും രസം.
മണിക്കൂറിന് 500
വള്ളങ്ങളിലെ സഞ്ചാരത്തിന് മണിക്കൂറിന് അഞ്ഞൂറ് രൂപയാണ് വാങ്ങുന്നത്. ആറുപേർക്ക് യാത്ര ചെയ്യാനാണ് അനുമതി. എട്ടുപേർ വരെ കയറാറുണ്ട്. മൂന്ന് മണിക്കൂർ സഞ്ചരിച്ചെങ്കിൽ മാത്രമേ മുഴുവൻ കാഴ്ചകളും കണ്ട് രസിക്കാൻ കഴിയുള്ളു. ഇതിന് 1500 രൂപ നൽകണം. ലഘുഭക്ഷണം വാങ്ങാനും കഴിക്കാനും സൗകര്യമുണ്ട്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് സഞ്ചാരികളുമായി വള്ളങ്ങൾക്ക് പോകാൻ അനുമതി. എന്നാൽ രാത്രി 7 വരെയൊക്കെ വള്ളങ്ങൾ ഇറക്കാറുണ്ട്. സഞ്ചാരികളുടെ വരവ് കുറഞ്ഞതിനാൽ മിക്ക വള്ളക്കാരും പട്ടിണിയിലാണ്.