police

കൊല്ലം: കൊവിഡ് ലംഘകരുടെ പിന്നാലെ ഓടുന്ന പൊലീസിന് ദിവസവും കഞ്ചാവ് കേസുകൾ പിടിക്കാനും ടാ‌ർജെറ്റ്. പട്രോളിംഗ്, ഗതാഗതം, ക്രമസമാധാനം എന്നിവയ്ക്ക് പുറമെയാണ് ക്വാട്ട തികയ്ക്കണമെന്ന് കാട്ടി ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

കഞ്ചാവ് കേസുകൾ കണ്ടെത്താൻ എക്സൈസ് സംവിധാനം ശക്തമാണെന്നിരിക്കെയാണ് ഇത്തരത്തിൽ വിചിത്ര നിർദ്ദേശം നൽകിയിരിക്കുന്നത്. ടാർജെറ്റ് തികയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം ജില്ലയിൽ പിടികൂടിയ 16 കേസുകളിൽ 12 എണ്ണവും സിഗററ്റ് അല്ലെങ്കിൽ ബീഡി വലിച്ചു എന്ന കുറ്റത്തിനാണ്.

പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനമുള്ളതിനാൽ പലയിടത്തും കടകളുടെ ഓരത്തോ മറ്റോ പതുങ്ങിനിന്ന് സിഗററ്റ് വലിക്കുന്നവർ ധാരാളമാണ്. ഇത്തരക്കാരെ കണ്ടെത്തി കേസെടുക്കുകയാണ് പൊലീസ്. കുടുങ്ങുന്നവരിലേറെയും യുവാക്കളാണ്. പിഴയിൽ ഒതുങ്ങുന്ന പല കേസുകളും എൻ.ഡി.പി.എസ് പരിധിയിലേക്ക് മാറ്റുന്നത് പൊലീസിന്റെ സത്‌പേരിന് കളങ്കമാവുമെന്നും ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ചുമ്മാ നിൽക്കേണ്ട, ബോധവത്കരണം നടത്തൂ

കഴിഞ്ഞ ദിവസം ജില്ല 'സി" കാറ്റഗറിയിലേക്ക് മാറിയപ്പോൾ ജില്ലയിലെ ചിലയിടത്ത് പോയിന്റ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഉന്നത ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശം ഇങ്ങനെയായിരുന്നു. 'വെറുതെ റോഡിൽ നിൽക്കണ്ട, കൊവിഡ് ബോധവത്കരണം നടത്തൂ". നടുറോഡിൽ പൊരിവെയിലത്ത് ഗതാഗതം നിയന്ത്രിക്കുകയും പട്രോളിംഗ് നടത്തുകയും ചെയ്യുന്നവർക്കാണ് ഈ നിർദ്ദേശം നൽകിയത്.