vismaya

കൊല്ലം: സ്ത്രീധനമായി കൊടുത്ത കാറിന്റെയും സ്വർണത്തിന്റെയും കാര്യം പറഞ്ഞ് കിരൺ പീഡിപ്പിക്കുന്നതായി വിസ്മയ പലതവണ ഫോണിൽ കരഞ്ഞു പറഞ്ഞിട്ടുണ്ടെന്ന് ബാല്യകാലസുഹൃത്തും സഹപാഠിയുമായി വിദ്യ കോടതിൽ മൊഴി നൽകി. വിസ്മയ കേസിൽ ഒന്നാം അസി. സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് മുമ്പാകെ നടന്ന വിസ്താരത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സഹോദരൻ വിജിത്തിന്റെ വിവാഹത്തിന് കണ്ടപ്പോൾ ബാക്കി സ്ത്രീധനം ലഭിച്ച ശേഷം മാത്രമേ കിരൺ കൊണ്ടുപോകൂ എന്നും പറഞ്ഞ് വീട്ടിൽ നിർത്തിയിട്ട് പോയതായും പറഞ്ഞു. പിന്നീട് തിരികെ കിരണിന്റെ വീട്ടിൽ തിരിച്ചെത്തിയ ശേഷം വാട്‌സ് ആപ്പിലും ഫേസ്ബുക്ക് മെസഞ്ചറിലും ചാറ്റ് ചെയ്തിരുന്നു. കിരണിന്റെ മുന്നിൽ അഭിനയിക്കുകയാണെന്നും ജീവിതം മടുത്തു തുടങ്ങിയെന്നും വാട്സ് ആപ്പ് ചാറ്റിൽ പറഞ്ഞു. തന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചുവെന്നും കൂട്ടുകാരി മൊഴി നൽകി. സംസാരം ഉൾപ്പെട്ട ഫോണും സംഭാഷണവും കോടതിയിൽ തിരിച്ചറിഞ്ഞു.

2020 ഓണത്തിന് മുമ്പ് ഒരു ദിവസം വിസ്മയ കരഞ്ഞുകൊണ്ട് തന്റെ വീട്ടുമുറ്റത്തേക്ക് കയറിവന്നുവെന്ന് കിഴക്കേകല്ലട സ്വദേശി ഷൈല മൊഴി നൽകി.

2021 ഫെബ്രുവരി 26 ന് വിസ്മയ ഫേസ്ബുക്ക് വഴി സംസാരിക്കണമെന്ന് പറഞ്ഞ് ബന്ധപ്പെട്ടിരുന്നതായും അടുത്ത ദിവസം ഗൂഗിൾ മീറ്റ് വഴി സംസാരിച്ചുവെന്നും സാമൂഹ മാധ്യമങ്ങളിൽ മോട്ടിവേഷനൽ സ്പീക്കറായ നിപിൻ നിരാവത്ത് മൊഴി നൽകി. പഠിക്കാൻ ഏകാഗ്രത കിട്ടുന്നില്ല എന്നാണ് ആദ്യം പറഞ്ഞതെങ്കിലും കാരണം അന്വേഷിച്ചപ്പോൾ ഭർത്താവിന്റെ ഭാഗത്തു നിന്നുള്ള സ്ത്രീധന പീഡനമാണെന്ന് മനസിലാക്കി. മുഖത്ത് കിരൺ ബൂട്ട് കൊണ്ട് ചവിട്ടിയതായി പറഞ്ഞപ്പോൾ, ഇത്രയും പീഡനം സഹിച്ചിട്ടും വിവാഹമോചനത്തെകുറിച്ച് ചിന്തിക്കാത്തതെന്താണെന്ന് ചോദിച്ചു. കിരണിനെ വലിയ ഇഷ്ടമാണെന്നായിരുന്നു മറുപടി. ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യാൻ ഫോൺ നമ്പർ നൽകിയതായും മൊഴി നൽകി.

വിവാഹശേഷം തന്നെ പോലും വിളിക്കാൻ വിസ്മയയെ കിരൺ അനുവദിക്കാറില്ലായിരുന്നുവെന്ന് ഹോസ്റ്റൽ വാർഡൻ ഇന്ദിര പറഞ്ഞു. 2021 ജൂൺ ഏഴിന് അവസാനമായി സംസാരിച്ചപ്പോൾ കിരണിന്റെ വീട്ടിൽ നിൽക്കുന്നത് ജീവന് തന്നെ ആപത്താണെന്ന് പറഞ്ഞു. ജനുവരി മൂന്നിന് രാത്രി ഒന്ന് കഴിഞ്ഞ് ശബ്ദം കേട്ട് നോക്കിയപ്പോൾ കിരൺ കാർ വീട്ടിൽ കൊണ്ടിടുന്നതും സഹോദരൻ വിജിത്തിനെ ഉപദ്രവിക്കുന്നതും കണ്ടുവെന്ന് വിസ്മയയുടെ അയൽവാസിയായ സാബുജാൻ മൊഴി നൽകി.

നിലമേൽ എൻ.എസ്.എസ് കരയോഗം ഭാരവാഹി പ്രേമചന്ദ്രൻ,​ വിസ്മയുടെയും കിരണിന്റെയും വിവാഹരജിസ്റ്റർ കോടിയിൽ ഹാജരാക്കി. കിരണിന്റെ പിതാവിനെയും ബന്ധുക്കളെയും തിങ്കളാഴ്ച സാക്ഷികളായി വിസ്തരിക്കും.