1-
ഇഞ്ചവിള ആഫ്റ്റർ കെയർ ഹോമിലെ അമ്മു, ആതിര, ഗോപിക എന്നിവർ ഇന്നലെ അഞ്ചാലുംമൂട് ലേക്ക് പാലസ് കൺവെൻഷൻ സെന്ററിൽ വിവാഹിതരായപ്പോൾ

 നാല് പവൻ വീതം വാങ്ങിനൽകി ദമ്പതികൾ

കൊല്ലം: സർക്കാർ സംരക്ഷണയിൽ ഇഞ്ചവിള ആഫ്ടർ കെയർ ഹോമിൽ കഴിഞ്ഞിരുന്ന മൂന്ന് പെൺകുട്ടികൾ സുമംഗലികളായി. മന്ത്റി ജെ. ചിഞ്ചുറാണി, എം.നൗഷാദ് എം.എൽ.എ, ജില്ലാ കളക്ടർ അഫ്‌സാന പർവീൺ, സി​റ്റി പൊലീസ് കമ്മിണർ ടി. നാരായണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അമ്മു, ആതിര, ഗോപിക എന്നിവരാണ് വിവാഹിതരായത്.

വിവാഹം മുൻകൂട്ടിയറിഞ്ഞ കേരളപുരം മാമ്പുഴ അഹല്യയിൽ ഷീജയും ഭർത്താവ് മണികണ്ഠനും തങ്ങളുടെ മകളുടെ വിവാഹാവശ്യത്തിനൊപ്പം ഇവർക്കും നാല് പവൻ വീതം സ്വർണാഭരണങ്ങൾ വാങ്ങി നൽകി. ആഭരണങ്ങൾ ഒരാഴ്ച മുമ്പ് ആഫ്ടർ കെയർ ഹോമിലെത്തിച്ചു.
കുട്ടികളായിരിക്കെ സംരക്ഷണ കേന്ദ്രത്തിലെത്തിയ പെൺകുട്ടികൾക്ക് 18 വയസ് പൂർത്തിയായതോടെ ആഫ്ടർ കെയർ ഹോമിലേയ്ക്ക് മാറ്റി. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം മൂവരും വിവിധ ജോലികളും ചെയ്യുന്നുണ്ട്. കൊല്ലം സ്വദേശിനി അമ്മുവിനെ കല്ലുവാതുക്കൽ പാമ്പുറം കൃഷ്ണാലയത്തിൽ അജി കൃഷ്ണയും ശൂരനാട് സ്വദേശിനി ആതിരയെ ചവറ കല്ലുംപുറത്ത് ജസ്​റ്റിനും കൊട്ടാരക്കര സ്വദേശിനി ഗോപികയെ കുറുമണ്ണ് കുളത്തൂർ തെക്കേതിൽ ചിത്തരേഷുമാണ് വിവാഹം കഴിച്ചത്.

ഓരോ കുടുംബത്തിനും ഒരുലക്ഷം രൂപ വീതം വനിതാ ശിശുവികസന വകുപ്പ് സ്ഥിരനിക്ഷേപമായി നൽകി. അഞ്ചാലുംമൂട് ലേക്ക് പാലസ് കൺവെൻഷൻ സെന്ററിൽ മതാചാര പ്രകാരമായിരുന്നു വിവാഹം. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, വനിതാ ശിശുവികസന ഓഫീസർ പി. ബിജി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ജി. പ്രസന്നകുമാരി, ഐ.സി.ഡി.എസ് ജില്ലാ പ്രോജക്ട് ഓഫീസർ ടിജു റെയ്ച്ചൽ തോമസ്, ആഫ്ടർ കെയർ ഹോം സൂപ്രണ്ട് ടി.ജെ. മേരിക്കുട്ടി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.