
കൊല്ലം: കൊവിഡ് അതിവ്യാപനം രൂക്ഷമായതോടെ ജില്ലാ കളക്ടർ അഫ്സാന പർവീൺ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കി. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ല.
മതപരമായ ആരാധനകൾ ഓൺലൈനായി മാത്രമേ നടത്താവൂ. വിവാഹം, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. സിനിമാ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം നിറുത്തി.
ബിരുദ, ബിരുദാനന്തര തലത്തിലെ അവസാന വർഷ ക്ലാസുകളും 10, 12 ക്ലാസുകളും ഒഴികെ മറ്റ് ക്ലാസുകൾ ഒരാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനലേക്ക് മാറ്റി. ബയോബബിൾ മാതൃകയിൽ പ്രവർത്തിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഞായറാഴ്ചകളിൽ കർശന നിയന്ത്രണം തുടരും.
മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ
1. മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടിങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണം
2. ഒൻപതാം തരം വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേയ്ക്ക് ഓൺലൈൻ സംവിധാനത്തിലേയ്ക്ക് മാറ്റി
3. തെറാപ്പി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് ഇത് ബാധകമല്ല
4. വീടുകളിൽ കഴിയുന്ന രോഗികൾക്ക് ടെലി മെഡിസിൻ സൗകര്യം ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പാക്കണം
5. വാർഡ് തല സമിതികൾ വീടുകൾ കേന്ദ്രീകരിച്ച് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിച്ച് നൽകണം
ഇന്നലെ കൊവിഡ്: 4138
വർക്ക് ഫ്രം ഹോം
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, കാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം ഡോക്‌ടർമാരുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനുവദിക്കണം.
""
പൊതു ഇടങ്ങളിൽ ആൾക്കൂട്ടം പാടില്ല. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. നിയന്ത്രണങ്ങൾ താലൂക്ക് സ്ക്വാഡുകൾ ഉറപ്പാക്കണം.
അഫ്സാന പർവീൺ
ജില്ലാ കളക്ടർ