
കൊല്ലം: വീണ്ടെടുപ്പ് കൂലി ആവശ്യപ്പെട്ട് കൊല്ലം എഫ്.സി.ഐ ഗോഡൗണിൽ തൊഴിലാളികൾ കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. ഇതോടെ ഗോഡൗണിൽ നിന്ന് അറ് ലോഡ് ഭക്ഷ്യധാന്യം സപ്ലൈകോയുടെ കിളികൊല്ലൂർ ഗോഡൗണിലേക്ക് കൊണ്ടുപോയി.
സമരത്തെ തുടർന്ന് കൊല്ലം താലൂക്കിലെ റേഷൻവിതരണം ഭാഗിക പ്രതിസന്ധിയിലായിരുന്നു. ഇതോടെ രാഷ്ട്രീയ പാർട്ടികൾ സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്. ഗോഡൗണിൽ ആകെ 63 തൊഴിലാളികളാണുള്ളത്. ഇതിൽ സമരത്തിന്റെ പേരിൽ 12 തൊഴിലാളികൾക്ക് എഫ്.സി.ഐ പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നു. ശേഷിക്കുന്ന 51 തൊഴിലാളികൾ ഇന്നലെ ജോലിക്ക് കയറി.
കൊല്ലം ഗോഡൗണിൽ നിന്ന് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ കുറവു വരുന്നെന്ന് പരാതിയുണ്ടായിരുന്നു. അതുകൊണ്ട് പൊതുവിതരണ വകുപ്പിലെ വിജിലൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇന്നലെ ലോഡ് കയറ്റിയത്. ഇവിടെ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ നീക്കം പഴയ നിലയിലെത്താൻ രണ്ട് ദിവസം കൂടിയെടുക്കുമെന്നാണ് സൂചന.