 
കൊല്ലം: രാജ്യം ഇന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ പുതുക്കുമ്പോൾ ഗാന്ധി സ്മരണ ഉണർത്തുന്ന ഒരു കിണർ കൊല്ലം ഉളിയക്കോവിലുണ്ട്. 1934 ജനുവരി 20ന് ഗാന്ധിജിയുടെ കൊല്ലം സന്ദർശനത്തിന്റെ
സ്മാരകം കൂടിയാണ് ഈ കിണർ.
കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ ഒരുക്കിയ സമ്മേളനത്തിൽ പ്രസംഗിച്ച ശേഷം വിശ്രമിച്ചത് ഗാന്ധിയനും വ്യവസായിയുമായ എം.എസ്. പത്മനാഭപണിക്കരുടെ വീട്ടിലായിരുന്നു. വിശ്രമിക്കുന്നതിനിടെ കുടത്തിൽ വെള്ളം ചുമന്നു പോകുന്ന ഒരുകൂട്ടം സ്ത്രീകൾ അദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.
കാരണം അന്വേഷിച്ച ഗാന്ധിജിയോടായി പത്മനാഭപണിക്കർ പറഞ്ഞു. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരാണ് സ്ത്രീകൾ. വരേണ്യ വർഗത്തിൽ പെട്ടവരുടെ കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ വിലക്കുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്നാണ് അവർ വെള്ളം ശേഖരിക്കുന്നത്.
അവിടെ കൂടി നിന്നവരോടായി ഗാന്ധിജി ചോദിച്ചു. ആരെങ്കിലും അല്പം ഭൂമി തരുമോ? അവിടെ കിണർ കുഴിക്കാം. പ്രദേശവാസിയായ ഒരാൾ ഭൂമി വാഗ്ദാനം ചെയ്തു. ഗാന്ധിജി നിർദേശിച്ച സ്ഥലത്ത് കിണർ കുഴിക്കാൻ ആരംഭിച്ചു. 1935 മേയ് 23ന് കിണറ്റിൽ നിന്ന് വെള്ളം ശേഖരിച്ചു തുടങ്ങി.
ജാതിയുടെ വേലിക്കെട്ടിൽ നിഷേധിക്കപ്പെട്ട ദാഹജലം നൽകിയ കിണറിന് അങ്ങനെ ഗാന്ധികിണർ എന്ന് പേരായി. സമീപത്തെ കോളനി മഹാത്മാ ഗാന്ധി കോളനിയെന്നും അറിയപ്പെട്ടു.
വർഷങ്ങളോളം കോളനി വാസികൾക്ക് കുടിവെള്ളം നൽകിയ കിണർ ജീർണാവസ്ഥയിലായപ്പോൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ പുനരുദ്ധരിച്ചു. കിണർ നവീകരിച്ചപ്പോൾ പഴമയുടെ അടയാളമായി ശേഷിച്ചിരുന്ന വെട്ടുകല്ലുകൾ ഇളക്കി ടൈലുകൾ പതിച്ചതോടെ കിണറിന്റെ പൗരാണികതയ്ക്ക് കോട്ടം തട്ടി.
ഗാന്ധിജി കൊല്ലത്ത് വന്നത് 4 തവണ
1. 1920 മാർച്ച് 12നായിരുന്നു ഗാന്ധിജിയുടെ ആദ്യ കൊല്ലം സന്ദർശനം. ശിവഗിരിയിലേക്കുള്ള യാത്രാ മദ്ധ്യേ കൊല്ലം കന്റോൺമെൻ്റ് മൈതാനിയിൽ പ്രസംഗിച്ചു
2. 1927 ഒക്ടോബർ 11ന് ഖാദി പ്രചാരണത്തിന്റെ ഭാഗമായി രണ്ടാം സന്ദർശനം
3. പിന്നീട് 1934 ജനുവരി 20ന്
4. ക്ഷേത്ര പ്രവേശന വിളംബരത്തിന് തൊട്ടുപിന്നാലെ 1937 ജനുവരി 16നും കൊല്ലം സന്ദർശിച്ചു