road
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി അമ്മൻനടയിൽ പൈപ്പുകൾ സ്ഥാപിക്കുന്നു

# ഒച്ചിഴയുംപോലെ അറ്റകുറ്റപ്പണി, അശാസ്ത്രീയം ക്രമീകരണം

കൊല്ലം : ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായി വെട്ടികുഴിച്ച നഗരത്തിലെ റോഡുകളുടെ പുനർനിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതും ഇതേ തുടർന്ന് നടപ്പിലാക്കിയ ഗതാഗത ക്രമീകരണവും കാരണം നഗരത്തിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. നേരത്തെ തന്നെ വലിയ ഗതാഗത തിരക്കുള്ള തിരുമംഗലം ദേശീയപാതയിലെ കല്ലുംതാഴം മുതൽ കടപ്പാക്കട വരെയെയും കാവനാട്- മേവറം പാതയിൽ മേവറം മുതൽ പോളയത്തോട് വരെയുമാണ് ഗതാഗതകുരുക്ക് രൂക്ഷമായിരിക്കുന്നത്. റോഡ് അറ്റകുറ്റപ്പണികളുടെയും പൈപ്പിടലിന്റെയും പേരിൽ ചെമ്മാൻമുക്ക് - അയത്തിൽ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചിട്ട് ഒരു മാസത്തോളമാകുന്നു. കൊല്ലം- കുളത്തൂപ്പുഴ ദേശീയപാതയായതിനാൽ നിരവധി വാഹനങ്ങളാണ് ഈ പാത ഉപയോഗിക്കുന്നത്. കൊല്ലത്തേക്ക് വരുന്ന വാഹനങ്ങൾ അയത്തിൽ- മുള്ളുവിള- പള്ളിമുക്ക് വഴി തിരിഞ്ഞു പോകണമെന്നാണ് അധികൃതരുടെ നിർദ്ദേശം. വീതികുറഞ്ഞ റോഡും തിരക്കുള്ള വഴിയുമായതിനാൽ മിക്കവരും ബൈപാസ് വഴി കല്ലുംതാഴം- കടപ്പാക്കട റോഡാണ് ഉപയോഗിക്കുന്നത്. നഗരത്തിലെ ഏറ്റവും കൂടുതൽ തിരക്കുള്ള ജംഗ്‌ഷനുകളിലൊന്നായ കല്ലുംതാഴത്ത് വാഹനപ്പെരുപ്പം കാരണം ഗതാഗതകുരുക്ക് രൂക്ഷമാവുകയായിരുന്നു.

ഇരവിപുരം കാവൽപ്പുര റെയിൽവേ മേൽപ്പാലം മേൽപ്പാലം പണി ആരംഭിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതോടെ, പള്ളിമുക്ക്- ഇരവിപുരം- തീരദേശം വഴി യാത്രചെയ്യേണ്ടവർ മാടൻനട വഴിയോ അല്ലെങ്കിൽ കോളേജ് ജംഗ്‌ഷൻ- കൊച്ചുപിലാംമൂട് വഴിയോ യാത്രചെയ്യേണ്ടി വരുന്നതും ഗതാഗതത്തിരക്ക് കൂടാൻ കാരണമായിട്ടുണ്ട്.

ഗതാഗതം നിരോധിച്ച റോഡുകൾ,

കാരണം, അടച്ചിട്ട ദിവസങ്ങൾ

1. ചെമ്മാൻമുക്ക്- അയത്തിൽ :

ഞാങ്കടവ് കുടിവെള്ള പദ്ധതി പൈപ്പിടൽ, 1 മാസം

2. പള്ളിമുക്ക്- ഇരവിപുരം :

കാവൽപ്പുര റെയിൽവേ മേൽപ്പാലം നിർമ്മാണം, രണ്ടര മാസം

3. ക്യൂ.എ.സി റോഡ് :

ഞാങ്കടവ് പദ്ധതി - റോഡ് പുനർ നിർമ്മാണം, 15 ദിവസം

4. പള്ളിത്തോട്ടം- ആണ്ടാമുക്കം :

പാലത്തിന്റെ സംരക്ഷണ ഭിത്തി, റോഡ് നിർമ്മാണം, 45 ദിവസം

5. ഡി.സി.സി ഓഫീസ് - ബെൻസിഗർ ആശുപത്രി :

പൈപ്പിടൽ, 2 മാസം

6. ലക്ഷ്മിനട- കല്ലുപാലം :

കല്ലുപാലം നിർമ്മാണം, 2 വർഷം

7. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ - കോയിക്കൽ :

ഒരുവശത്തേക്ക് മാത്രം ഗതാഗതം, 4 മാസം