
കൊല്ലം: വേനൽ കടുത്തതോടെ കിഴക്കേ കല്ലട പഞ്ചായത്തിലെ കുടിവെളള ക്ഷാമത്തിന് രൂക്ഷതയേറി. പഞ്ചായത്തിലെ 15 വാർഡുകളിലും കുടിവെളളത്തിനായി ജനം നെട്ടോട്ടത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ ഓരുവെളളവും ഉപ്പുവെളളവുമാണ് പ്രധാന തലവേദന. കോയിക്കൽമുറി, പഴയാറ്റുമുറി, മറവൂർ, ഉപ്പൂട്, നിലമേൽ, ടൗൺ, താഴം തുടങ്ങിയ വാർഡുകളെല്ലാം ഓരുവെളളത്തിന്റെ രൂക്ഷതയിലാണ്. ഫെബ്രുവരി പകുതിയോടെ രൂക്ഷമാകുന്ന ഓരുവെളള പ്രശ്നം ജൂൺ മാസത്തിലെ മഴക്കാലം വരെ നീളും. അരിപ്പ ഉപയോഗിച്ച് ശാസ്ത്രീയ മാർഗത്തിലൂടെ അരിച്ചെടുത്ത് മാത്രമേ വെളളം ഉപയോഗിക്കാൻ കഴിയൂ.
കല്ലടയാറിനോട് ചേർന്നുള്ള താഴം, മൂഴി പ്രദേശങ്ങളിൽ വേലിയേറ്റത്തിൽ ഉപ്പുവെളളം കയറുന്നത് കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നുണ്ട്. കല്ലടയാറിന്റെ മറുകരയിലുളള പടിഞ്ഞാറേ കല്ലടയിൽ നിന്ന് വെളളം പാത്രങ്ങളിൽ ശേഖരിച്ച് വളളത്തിൽ കൊണ്ടു വന്ന് ഉപയോഗിക്കേണ്ട സ്ഥിതിയാണിപ്പോൾ.
ടാങ്കറിൽ വെളളം ശേഖരിച്ച് വില്പന നടത്തുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. ഒരു ടാങ്ക് വെളളത്തിന് 400 രൂപ വരെ ഇവർ ഈടാക്കുന്നുണ്ട്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ചിറ്റുമല, ഓണംപാരം, തെക്കേമുറി, കൊച്ചുപ്ളാംമൂട്, മുട്ടം, പരിച്ചേരി, തിങ്കാരപ്പളളി, കൊടുവിള തുടങ്ങിയ വാർഡുകളിലെ ഒട്ടുമിക്ക കിണറുകളുടെയും ജലനിരപ്പ് ഇപ്പോൾ തന്നെ താഴ്ന്ന അവസ്ഥയിലാണ്.
കുണ്ടറ ജലസേചന പദ്ധതിയുടെ ഭാഗമായ പുനലൂരിലെ ടാങ്കിൽ നിന്ന് വരുന്ന കുടിവെളളമാണ് ജനങ്ങളുടെ ആശ്രയം. എന്നാൽ, ഒരുമാസമായി ഈ വെളളവും ലഭ്യമല്ല. നാട്ടുകാരുടെ പരാതിയെത്തുടർന്ന് രണ്ടാഴ്ച മുമ്പ് ഒരു ദിവസം വെളളം കിട്ടിയെങ്കിലും പിന്നീട് അതും കിട്ടാതായി. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും കുടിവെളളം കിട്ടിയാൽ മാത്രമേ അൽപ്പമെങ്കിലും ആശ്വാസമാകൂവെന്നാണ് നാട്ടുകാർ പറയുന്നത്.
കൊടുവിള ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ വാട്ടർ ടാങ്കിൽ നിന്നുളള വെളളമാണ് ഒരു കാലത്ത് നാട്ടുകാർക്ക് ആശ്രയമായിരുന്നത്.
മൺറോതുരുത്ത് പഞ്ചായത്തിലാണ് ടാങ്ക്. വൈദ്യുത ചാർജ്ജ് അടയ്ക്കാത്തതിനാൽ അവിടെനിന്നുള്ള വെള്ളത്തിന്റെ വരവും മുങ്ങിക്കിടക്കുകയാണ്.
ചിറ്റുമല ചിറയിലെ വട്ടക്കായലിലെ വെളളം ശുദ്ധീകരിച്ച് പ്രത്യേക കുടിവെളള പദ്ധതി ആവിഷ്കരിച്ചാൽ കിഴക്കേ കല്ലട, പവിത്രേശ്വരം, പേരയം പഞ്ചായത്തുകളിലെ കുടിവെളളക്ഷാമത്തിന് പരിഹാരമാകും.
ശാസ്താംകോട്ട ശുദ്ധജല പദ്ധിയിലെ വെളളം കിഴക്കേ കല്ലടയിൽ ലഭ്യമല്ല. കല്ലടയാറിന് കുറുകെ പൈപ്പ് സ്ഥാപിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. ആറിന് കുറുകെയുള്ള പാലങ്ങളിലൂടെ പൈപ്പുകൾ സ്ഥാപിച്ച് ഇതിനും ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാവുന്നതേയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.