dam
കനത്ത ചൂടിൽ ജല നിരപ്പ് താഴ്ന്ന തെന്മല പരപ്പാർ അണക്കെട്ട്

പുനലൂർ: വേനൽ രൂക്ഷമായതോടെ തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. മൂന്നാഴ്ചയായി അനുഭവപ്പെടുന്ന കനത്ത ചൂടിനെ തുടർന്നാണ് അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത്.

ആറുമാസമായി തുടർച്ചയായി പെയ്ത കനത്ത മഴയിൽ അണക്കെട്ട് നിറഞ്ഞിരുന്നു. തുടർന്നാണ് മൂന്ന് ഷട്ടറുകൾ കൂടുതൽ തുറന്ന് വെള്ളം കല്ലടയാറ്റിലേയ്ക്ക് ഒഴുക്കിയത്. ഇപ്പോൾ വൃഷ്ടിപ്രദേശത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനാലാണ് ജലനിരപ്പ് പ്രതീക്ഷിച്ചതിലും താഴ്ന്നതെന്ന് അധികൃതർ പറയുന്നു.

വേനൽ രൂക്ഷമായതോടെ കല്ലട ഇറിഗേഷന്റെ വലതുകര കനാൽ വഴി നേരത്തെ ജല വിതരണം ആരംഭിച്ചിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വേനൽക്കാല കൃഷികൾ ലക്ഷ്യമിട്ടാണ് കനാൽ വഴി ജല വിതരണം ആരംഭിച്ചത്.

ഇടതുകര കനാൽ വഴി ജലവിതരണം ആരംഭിച്ചെങ്കിലും നിറുത്തിവച്ചു. ഒറ്റയ്ക്കൽ തടയണയുടെ ഷട്ടറുകളിൽ ചോർച്ച അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇടതുകര കനാൽ അടച്ചതെന്ന് അധികൃതർ അറിയിച്ചു. ഇതിനൊപ്പം വലതുകര കനാൽ വഴിയുള്ള ജല വിതരണവും ഭാഗികമാക്കി.

വേനൽ കടന്നുകിട്ടാൻ വിയർക്കും

1. കാലവർഷത്തിൽ മഴവെള്ളം അണക്കെട്ടിൽ സംഭരിച്ചാണ് വേനൽ കാലത്ത് ഇടത് - വലതുകര കനാലുകൾ വഴി വിതരണം ചെയ്യുന്നത്

2. ഇടതുകര കനാൽ വഴിയുള്ള ജല വിതരണം മുടങ്ങിയതോടെ വേനൽ കാല കൃഷികളെ ആശ്രയിക്കുന്ന കർഷകരും പ്രദേശവാസികളും ആശങ്കയിൽ

3. അടുത്ത മാസം മദ്ധ്യത്തോടെ വേനൽ കൂടുതൽ കടുക്കും

4. ഇത് രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കും

5. പുനലൂർ, പത്തനാപുരം താലൂക്കുകൾക്ക് പുറമെ മീനാട്, കുണ്ടറ ശുദ്ധജല പദ്ധതികളിലേക്കും വെള്ളമെടുക്കുന്നത് കല്ലടയാറ്റിൽ നിന്ന്

തെന്മല അണക്കെട്ട്

സംഭരണശേഷി: 115.72 മീറ്റർ

ഇന്നലെ ജലനിരപ്പ്: 111.59 മീറ്റർ

ഷട്ടറുകൾ: 03

ഒറ്റയ്ക്കൽ തടയണ ഷട്ടറുകളിൽ ചോർച്ച

കല്ലടയാറിന് മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒറ്റയ്ക്കൽ തടയണയിൽ നിന്നാണ് ഇടത്, വലതുകര കനാലുകൾ വഴി വേനൽകാല കൃഷികൾക്കായി വെള്ളം ഒഴുക്കുന്നത്. രണ്ട് കനാലുകളിലേക്കും ജലവിതരണം നടത്തുന്ന ഒറ്റയ്ക്കൽ തടയണയുടെ ഷട്ടറുകളിൽ ചോർച്ച അനുഭവപ്പെട്ടിട്ടും പുനരുദ്ധാരണ ജോലികൾ ആരംഭിച്ചിട്ടില്ല. മൂന്ന് വർഷം മുമ്പാണ് ഒടുവിൽ നവീകരിച്ചത്.

""
ജലനിരപ്പ് താഴ്ന്നതോടെ തെന്മല അണക്കെട്ടിന്റെ ഉയർത്തിവച്ചിരുന്ന മൂന്ന് ഷട്ടറുകളും താഴ്ത്തി. കല്ലടയാറ്റിലേയ്ക്കുള്ള വെള്ളം ഒഴുക്ക് നിറുത്തി.

ശിവശങ്കരൻ നായർ

അസി. എൻജിനിയർ,​ കെ.ഐ.പി