road
തകർന്ന ശക്തികുളങ്ങര ക്ഷേത്രം ആയിരംതെങ്ങ് റോഡ്

ഓച്ചിറ: ദേശീയപാത 66നെ പുതുതായി രൂപം കൊള്ളുന്ന തീരദേശ ഹൈവേയുമായി ബന്ധിപ്പിക്കുന്നതും കൊല്ലം - ആലപ്പുഴ ജില്ലകളുടെ അതിർത്തി പങ്കിടുന്നതുമായ പ്രധാന പാതയാണ് ഓച്ചിറ - ആയിരംതെങ്ങ് റോഡ്.

അഞ്ചര കിലോമീറ്റർ ദൂരം വരുന്ന പാതയുടെ ഓച്ചിറയിൽ നിന്നുമുള്ള മൂന്ന് കിലോമീറ്റർ ഭാഗം ഏഴുവർഷം മുമ്പ് ബി.എം ബി.സി രീതിയിൽ പുനർനിർമ്മിച്ചിരുന്നു. ബാക്കിവരുന്ന ശക്തികുളങ്ങര ക്ഷേത്ര ജംഗ്ഷൻ മുതൽ ആയിരംതെങ്ങ് വരെയുള്ള ഭാഗം സഞ്ചായ യോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ റോഡിൽകൂടി കാൽനടയാത്ര പോലും സാധിക്കാത്ത അവസ്ഥയിലാണ്. നാട്ടുകാർ പരാതിപെടുമ്പോൾ കണ്ണിൽ പൊടിയിടുന്ന രീതിയിൽ റോഡിൽ മിനുക്കുപണികൾ നടത്തി അധികൃതർ രക്ഷപ്പെടുകയാണ്.

ദേശീയപാതയിൽ നിന്ന് ഓച്ചിറ വഴി അഴീക്കൽ ഹാർബർ, അഴീക്കൽ ബീച്ച്, മാതാ അമൃതാന്ദമയി മഠം എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത് പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെയാണ്. കൊല്ലം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നതും നിർമ്മാണം പൂർത്തിയായതുമായ അഴീക്കൽ - വലിയഴീക്കൽ പാലം ഗതാഗതത്തിന് തുറന്നുകഴിഞ്ഞാൽ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം പതിന്മടങ്ങായി വർദ്ധിക്കും.

വഴിനീളെ കാത്തിരിക്കുന്നത് അപകടങ്ങൾ

1. റോഡ് തകർന്നതിനാൽ തിരക്കേറിയ ആലുംപീടിക ജംഗ്ഷനിൽ ഗതാഗതക്കുരുക്ക്

2. അലുംപീടിക മുതൽ ആയിംതെങ്ങുവരെയുള്ള റോഡിന്റെ ഒരുഭാഗം കാക്കച്ചാൽ തോട്

3. തോടിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥ

4. ടി.എസ് കനാലിൽ നിന്ന് തോടുവഴി ഉപ്പുവെള്ളം കയറി റോഡ് പൂർണമായും തകർന്നു

5. സംരക്ഷണഭിത്തിയും റോഡും ഉയർത്തി ബലപ്പെടുത്തിയെങ്കിലേ യാത്ര സുഗമമാവൂ

""

തകർന്ന റോഡിലെ കുഴികളിൽ വീണ് നിരവധിപേർക്കാണ് പരിക്കേറ്റത്. ഓട്ടോ - ടാക്സി വാഹനങ്ങൾ ഓട്ടം നിറുത്തി. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണം.

സോനു മങ്കടത്തറയിൽ,

സാമൂഹ്യ പ്രവർത്തകൻ

""

തകർന്ന റോഡ് പുനർനിർമ്മിക്കുന്നതിന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അധികൃതരുടെ അവഗണന അവസാനിപ്പിക്കണം.

പ്രസന്നൻ,​ വ്യാപാരി, ആലുംപീടിക