fci

 വനിതാ ഉദ്യോഗസ്ഥയെയടക്കം തടഞ്ഞുവച്ചു

കൊല്ലം: വീണ്ടെടുപ്പ് കൂലിയുമായി ബന്ധപ്പെട്ട് തൊഴിലാളി സമരം പിൻവലിച്ചതിന് പിന്നാലെ പ്രതികാര നടപടിയുമായി എഫ്.സി.ഐ അധികൃതർ. റേഷൻ വിതരണത്തിനുള്ള ഭക്ഷ്യ ധാന്യങ്ങളുമായി ഇന്നലെ ഒമ്പത് ലോഡ് മാത്രമാണ് വിട്ടുനൽകിയത്. വൈകിട്ട് അഞ്ചിന് ശേഷം ലോഡ് സ്വീകരിക്കുന്നത് സാമ്പത്തിക നഷ്ടം ഇരട്ടിയാക്കുമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് റേഷനിംഗ് ഇൻസ്‌പെക്ടർ ബിന്ദുവിനെയും സപ്ലൈകോ ഉദ്യോഗസ്ഥൻ അരുണിനെയും എഫ്.സി.ഐ ഉദ്യോഗസ്ഥരും ചില തൊഴിലാളികളും ചേർന്ന് ഒരുമണിക്കൂറോളം തടഞ്ഞുവച്ചു.

കടയ്ക്കൽ, പരവൂർ, പൂയപ്പള്ളി ഭാഗങ്ങളിലേക്കുള്ള ലോഡുകളായിരുന്നു ഇവ. അഞ്ചിന് ശേഷം ലോഡ് സ്വീകരിക്കുകയാണെങ്കിൽ ആറിന് ശേഷമേ പുറത്തേക്ക് ലോഡ് ഇറങ്ങുകയുള്ളൂ. അവിടെയെത്താനും അത്തരത്തിൽ കാലതാമസമുണ്ടായാൽ ഇന്ന് രാവിലെ മാത്രമേ സാധാരണനിലയിൽ ലോഡ് ഇറക്കാൻ കഴിയുകയുള്ളൂ. ഇന്ന് ലോക്ക് ഡൗൺ സമാന നിയന്ത്രണം കൂടിയുള്ളതിനാൽ ലോഡ് ഇറക്കുന്നത് വൈകുകയും വാടകയിനത്തിൽ സാമ്പത്തികനഷ്ടം ഉണ്ടാകുകയും ചെയ്യുമെന്നുമാണ് അവർ എഫ്.സി.ഐയിൽ അറിയിച്ചത്. ഇവ ഉൾക്കൊള്ളാൻ കഴിയാതെയാണ് ലോഡ് സ്വീകരിക്കാൻ എഫ്.സി.ഐ അധികൃതർ വാശി പിടിച്ചത്. എന്നാൽ അതിനും മുമ്പേ പല തൊഴിലാളികളും ലോഡ് കിട്ടില്ലെന്ന ധാരണയിൽ നിരാശരായി മടങ്ങിയിരുന്നു. എഫ്.സി.ഐയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് പകരം ആലപ്പുഴയിലുള്ള ചിലർക്ക് കരാർ നൽകാനുള്ള നീക്കം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എഫ്.സി.ഐയിൽ നടക്കുന്നതായി ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഇത്തരം നീക്കം എതിർത്തതിന് 12 തൊഴിലാളികളെ പിരിച്ചുവിടുകയും തുടർന്ന് തൊഴിലാളികൾ സമരം നടത്തുകയും ചെയ്‌തിരുന്നു. സമരം കഴിഞ്ഞ ദിവസമാണ് ഒത്തുതീർപ്പായത്.

ചരിത്രത്തിലാദ്യമായി

ഏറ്റവും കുറവ് ലോഡ്

പ്രതിദിനം 90 മുതൽ 100 ലോഡുകൾ വിട്ടുനൽകുന്നയിടത്ത് ഇന്നലെ 9 ലോഡ് ഭക്ഷ്യധാന്യം മാത്രമാണ് വിട്ടുനൽകിയത്. രാവിലെ തന്നെ 53 ലോഡ് ഭക്ഷ്യധാന്യങ്ങൾക്ക് ഓർഡർ നൽകിയെങ്കിലും 20 ലോഡുകൾക്ക് മാത്രമാണ് എഫ്.സി.ഐ അനുമതി നൽകിയത്. എന്നാൽ ഇവയ്ക്ക് ഗേറ്റ് പാസ് നൽകിയില്ല. ഗേറ്റ് പാസില്ലാതെ ലോഡ് കയറ്റാനുള്ള വാഹനങ്ങൾക്ക് അകത്തുകയറാൻ സാധിക്കില്ലെന്നിരിക്കെ മനപ്പൂർവം വൈകിപ്പിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇവർക്കുണ്ടായിരുന്നതെന്ന് ആക്ഷേപം ഉയർന്നു. പിന്നീട് 9 ലോഡുകൾക്ക് ഗേറ്റ് പാസ് നൽകുകയും അവ വിട്ടുനൽകുകയും ചെയ്തു. ബാക്കിയുള്ളവ വൈകിട്ട് 5ന് ശേഷം നൽകാമെന്ന് അറിയിച്ചതാകട്ടെ നാലരയോടെയാണ്. എന്നാൽ, അതിൽ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് പ്രകോപിതരായാണ് എഫ്.സി.ഐ അധികൃതർ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത്. എഫ്.സി.ഐയിലെ തൊഴിലാളികളെ കരുവാക്കി കരാർവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് തൊഴിലാളി യൂണിയൻ ഭാരവാഹികൾ ആരോപിച്ചു.

''ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ലോഡുകൾ വിട്ടുനൽകാതെ ബുദ്ധിമുട്ടിക്കുകയും ചെയ്തതിന് എഫ്.സി.ഐ അധികൃതർക്കെതിരെ ജില്ലാകളക്ടർക്ക് പരാതി നൽകും.എഫ്.സി.ഐ ഗോഡൗണിൽ കുറെ ദിവസങ്ങളായി നടക്കുന്ന കാര്യങ്ങൾ ദുരൂഹതയുള്ളതാണ്. പൂയപ്പള്ളി മേഖലയൊഴികെ മറ്റൊരിടത്തും വിതരണത്തിൽ നിലവിൽ പ്രതിസന്ധിയില്ല. ഫെബ്രുവരി മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ 31ന് മുമ്പ് എഫ്.സി.ഐയിൽ നിന്ന് വീണ്ടെടുക്കാൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ട്."

- സി.വി. മോഹൻകുമാർ, ജില്ലാ സപ്ലൈ ഓഫീസർ